ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: കേന്ദ്രമന്ത്രിയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ഇടക്കാല ജാമ്യം

Update: 2023-01-25 07:06 GMT

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രക്ക് സുപ്രിംകോടതി എട്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യഹരജി പരിഗണിച്ചപ്പോള്‍തന്നെ വിചാരണക്കോടതിയില്‍നിന്ന് സുപ്രിംകോടതി റിപോര്‍ട്ട് തേടിയിരുന്നു. ജാമ്യകാലയളവില്‍ ഉത്തര്‍പ്രദേശിലും ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതിയുടെ ജാമ്യ ഉത്തരവിലുണ്ട്. ജാമ്യത്തിലിറങ്ങി ഒരാഴ്ചക്കുള്ളില്‍ യുപി വിടണം. ആശിഷ് മിശ്രയോ കുടുംബാംഗങ്ങളോ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും സുപ്രിംകോടതി മുന്നറിയിപ്പ് നല്‍കി.

വിചാരണക്കോടതിയില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ യുപിയില്‍ പ്രവേശിക്കാന്‍ കഴിയൂ. ജാമ്യ കാലയളവില്‍ തന്റെ വസതിയുടെ വിലാസം കോടതിയില്‍ നല്‍കുകയും പാസ്‌പോര്‍ട്ട് സമര്‍പ്പിക്കുകയും വേണം. ജാമ്യ കാലയളവില്‍ മിശ്ര തന്റെ പുതിയ സ്ഥലത്തിന്റെ അധികാരപരിധിയിലുള്ള പോലിസ് സ്‌റ്റേഷനില്‍ ഹാജര്‍ രേഖപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിചാരണ വൈകിപ്പിക്കാന്‍ മിശ്ര ശ്രമിക്കുന്നതായി തെളിഞ്ഞാലും ജാമ്യം റദ്ദാക്കുമെന്ന് കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

കേസിലെ മറ്റ് നാല് പ്രതികള്‍ക്കും സമാനമായ ഇളവ് നല്‍കിയിട്ടുണ്ട്. വിസ്തരിക്കുന്ന സാക്ഷികളുടെ സ്ഥിതിയെക്കുറിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ വിചാരണ കോടതിയോട് നിര്‍ദേശിച്ച കോടതി, മാര്‍ച്ച് 14ന് വാദം കേള്‍ക്കാന്‍ തീരുമാനിച്ചു. 2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്തിരുന്ന കര്‍ഷകര്‍ക്കിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റിയത്. നാല് കര്‍ഷകര്‍ ഉള്‍പ്പെടെ എട്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. കേസിലെ പ്രധാന പ്രതിയായ ആശിഷ് മിശ്രയ്‌ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്തിരുന്നു.

Tags:    

Similar News