ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊല; ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഇന്ന് സുപ്രിംകോടതി പരിഗണിക്കും

ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

Update: 2022-03-16 03:25 GMT
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്ര ടേനിയുടെ മകനുമായ ആശിഷ് മിശ്ര ടേനിയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എന്‍വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

ആശിഷ് മിശ്രയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമപ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് സുപ്രിംകോടതിയെ സമീപിച്ചത്. കേസിലെ സാക്ഷിക്ക് നേരെ ആക്രമണമുണ്ടായെന്ന് കഴിഞ്ഞ ദിവസം മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ കോടതിയെ അറിയിച്ചിരുന്നു.

'അദ്ദേഹത്തിന് ജാമ്യം അനുവദിച്ചതിന് പിന്നാലെ, പ്രധാന സാക്ഷികളിലൊരാള്‍ ക്രൂരമായി ആക്രമിക്കപ്പെട്ടു. 'ഇപ്പോള്‍ ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചു, ബാക്കി അവര്‍ നോക്കികോളുമെന്ന് സംഘം ഭീഷണിപ്പെടുത്തിയെന്നും ഭൂഷണ്‍ പറഞ്ഞു.

ബിജെപി തിരഞ്ഞെടുപ്പില്‍ ജയിച്ചതിനു പിന്നാലെയായിരുന്നു ആക്രമണം. ലഖിംപുര്‍ ഖേരി സംഭവത്തിന്റെ ഗൗരവം അലഹബാദ് ഹൈക്കോടതി കണക്കിലെടുത്തില്ലെന്നാണ് ഇരകളുടെ കുടുംബങ്ങളുടെ പരാതി. ആശിഷ് മിശ്രക്കെതിരേയുള്ള ശക്തമായ തെളിവുകളും ഹൈക്കോടതി പരിഗണിച്ചില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ഈ മാസം 10നാണ് കേന്ദ്രമന്ത്രി അജയ്മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്ക് ജാമ്യം ലഭിച്ചത്. അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നദിവസം തന്നെയാണ് ജാമ്യം ലഭിച്ചത്.

അയ്യായിരം പേജുള്ള കുറ്റപത്രമാണ് അജയ് മിശ്രയ്ക്ക് എതിരേ പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര മുഖ്യപ്രതിയായപ്പോള്‍ മന്ത്രിയുടെ ബന്ധുവും വിശ്വസ്തനുമായ വീരേന്ദര്‍ ശുക്ലയും മുന്‍ കോണ്‍ഗ്രസ് എംപി അഖിലേഷ് ദാസിന്റെ ബന്ധു അങ്കിത് ദാസും പ്രതിപ്പട്ടികയിലുണ്ട്. കൊലപാതകം, ആയുധമുപയോഗിച്ചുള്ള വധശ്രമം, ക്രിമിനല്‍ ഗൂഡാലോചനയടക്കം ഗുരുതരമായ വകുപ്പുകളാണ് ആശിഷ് മിശ്രക്കും മറ്റ് 13 പ്രതികള്‍ക്കുമെതിരേ ചുമത്തിയത്.

ഒക്ടോബര്‍ മൂന്നിനാണ് ആശിഷ് മിശ്രയുടെ വാഹനമിടിച്ച് കര്‍ഷകരും പ്രാദേശിക മാധ്യമപ്രവര്‍ത്തകനുമടക്കം എട്ടുപേര്‍ കൊല്ലപ്പെട്ടത്. കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് ആശിഷ് മിശ്രയുടെ വാഹനം ഇടിച്ചുകയറുകയായിരുന്നു. ആശിഷ് മിശ്രയുടെ തോക്കില്‍ നിന്ന് വെടി ഉതിര്‍ത്തിരുന്നതായി അന്വേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു.

Tags:    

Similar News