ലഖിംപൂര്‍ കര്‍ഷക കൂട്ടക്കൊല: ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി -ഒരാഴ്ച്ചക്കുള്ളില്‍ കീഴടങ്ങണം

Update: 2022-04-18 06:02 GMT

ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക മാര്‍ച്ചിനിടയിലേക്ക് വാഹനമിടിച്ച് കയറ്റ കൂട്ടക്കൊല നടത്തിയെന്ന കേസില്‍ ആശിഷ് മിശ്രയുടെ ജാമ്യം സുപ്രിംകോടതി റദ്ദാക്കി. ആശിഷ് മിശ്ര ഒരാഴ്ചക്കുള്ളില്‍ കീഴടങ്ങണമെന്ന് കോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി.

അലഹബാദ് ഹൈക്കോടതിയാണ് ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചത്. കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനാണ് ആശിഷ് മിശ്ര. കൊല്ലപ്പെട്ട കര്‍ഷകരുടെയും മാധ്യമ പ്രവര്‍ത്തകന്റെയും കുടുംബങ്ങളാണ് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.

അന്വേഷണ മേല്‍നോട്ട സമിതിയുടെ നിര്‍ദേശം പാലിക്കാത്ത ഉത്തര്‍പ്രദേശ് സര്‍ക്കാരിനെ ഹരജി പരിഗണിക്കുന്ന വേളയില്‍ സുപ്രിംകോടതി വിമര്‍ശിച്ചിരുന്നു. ആശിഷ് മിശ്ര രാജ്യം വിടാന്‍ സാധ്യത ഇല്ലെന്നാണ് ഇതിന് മറുപടിയായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുപ്രിംകോടതിയെ അറിയിച്ചത്. എന്നാല്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ബന്ധുക്കളുടെ വാദം മുഖവിലയ്‌ക്കെടുത്ത സുപ്രിംകോടതി ജാമ്യം റദ്ദാക്കണമെന്ന് ഉത്തരവിടുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ദുഷ്യന്ത് ദവെയും പ്രശാന്ത് ഭൂഷണുമാണ് കര്‍ഷകര്‍ക്കായി ഹാജരായത്.

കേന്ദ്രത്തിന്റെ വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുകയായിരുന്ന കര്‍ഷകര്‍ക്ക് നേരെ ആശിഷ് മിശ്ര കാര്‍ ഓടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടെ എട്ട് പേരാണ് അന്ന് കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഒക്‌ടോബര്‍ മൂന്നിനായിരുന്നു സംഭവം.

ഉത്തര്‍പ്രദേശിലെ ലംഖിംപൂരില്‍ കര്‍ഷകരെ വണ്ടികയറ്റിക്കൊന്ന കേസില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. കേസിന്റെ അന്വേഷണത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കോടതി, അന്വേഷണ മേല്‍നോട്ടത്തിന് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് വ്യക്തമാക്കി. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടില്‍ ഒരു പുരോഗതിയുമില്ലെന്നും, ഫോറന്‍സിക് റിപ്പോര്‍ട്ട് വേഗത്തിലാക്കണമെന്ന നിര്‍ദേശം പാലിച്ചില്ലെന്നും കോടതി വിമര്‍ശിച്ചു. ചീഫ് ജസ്റ്റിസ് എന്‍ വി രമണയുടെ അധ്യക്ഷതയിലുള്ള ബെഞ്ചിന്റേതാണ് വിമര്‍ശനം.

കേസില്‍ 68 സാക്ഷികളുണ്ടെന്ന് പറയുന്നു. എന്നാല്‍ അവരുടെ മൊഴികള്‍ റിപ്പോര്‍ട്ടിലില്ല. ഒരു പ്രതിയുടേത് ഒഴികെ മറ്റുള്ള പ്രതികളുടെ മൊബൈല്‍ഫോണ്‍ എന്തുകൊണ്ട് പിടിച്ചെടുത്തില്ലെന്നും കോടതി ആരാഞ്ഞു. മറ്റുള്ളവര്‍ക്ക് സെല്‍ഫോണ്‍ ഇല്ലെന്നായിരുന്നു അഭിഭാഷകന്‍ ഹരീഷ് സാല്‍വെ മറുപടി നല്‍കിയത്. വിശദീകരണം തൃപ്തികരമെല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

സര്‍ക്കാര്‍ വിശദീകരണത്തില്‍ തൃപ്തിയാകാത്തതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കാന്‍ വിരമിച്ച ഹൈക്കോടതി ജഡ്ജിയെ നിയമിക്കുമെന്ന് കോടതി അറിയിച്ചത്. വിശ്വാസയോഗ്യവും നിഷ്പക്ഷവുമായി അന്വേഷണത്തിന് ഇത് അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.

Tags:    

Similar News