കോട്ടയത്ത് നിര്‍മാണജോലിക്കിടെ മണ്ണിടിഞ്ഞ് വീണു; അന്തര്‍ സംസ്ഥാന തൊഴിലാളി കുടുങ്ങിക്കിടക്കുന്നു

Update: 2022-11-17 06:13 GMT

കോട്ടയം: മറിയപ്പള്ളിയില്‍ നിര്‍മാണപ്രവര്‍ത്തനത്തിനിടെ മണ്ണിടിഞ്ഞ് വീണ് അപകടം. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത സ്വദേശി സുശാന്ത് ആണ് മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നത്. ഇയാളുടെ തല മാത്രമാണ് പുറത്തുള്ളത്. സുശാന്തിന് ഓക്‌സിജന്‍ നല്‍കി ജീവന്‍ നിലനിര്‍ത്തുന്നുണ്ട്. ഇന്ന് രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം നടന്നത്. മഴ പെയ്തതിനെ തുടര്‍ന്ന് കുതിര്‍ന്ന മണ്ണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കിടെ ഇളകിവീഴുകയായിരുന്നു.

മണ്ണില്‍ കുടുങ്ങിയ സുശാന്തിനെ പുറത്തെടുക്കാന്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ വീണ്ടും മണ്ണിടിഞ്ഞ് വീണു. പോലിസിന്റെയും അഗ്‌നിശമന സേനയുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീട് നിര്‍മാണത്തിനായെത്തിയ തൊഴിലാളിയാണ് അപകടത്തില്‍പ്പെട്ടത്. മൂന്ന് തൊഴിലാളികളായിരുന്നു വീട് നിര്‍മാണത്തിനായെത്തിയത്. ജോലിക്കിടെ മണ്ണ് നീക്കുന്നതിനിടെ സംരക്ഷണഭിത്തി ഇടിഞ്ഞ് സുശാന്തിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.

അപകടത്തില്‍പ്പെട്ട രണ്ട് തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. എന്നാല്‍, സുശാന്തിന്റെ കഴുത്തറ്റം മണ്ണ് മൂടിയ നിലയിലായിരുന്നു. പിന്നാലെ മണ്ണ് മന്തി യന്ത്രം എത്തിച്ച് മണ്ണ് നീക്കാനുള്ള ശ്രമം ആരംഭിച്ചു. ഇതോടൊപ്പം തന്നെ സുശാന്തിന് വെള്ളവും ഗ്ലൂക്കോസും നല്‍കിയിരുന്നു. ആംബുലന്‍സ് അടക്കമുള്ള മെഡിക്കല്‍ സേവനങ്ങള്‍ സ്ഥലത്തെത്തിച്ചാണ് സുശാന്തിന്റെ രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. മണ്ണിനടിയില്‍ കുടുങ്ങിക്കിടന്നതിന്റെ അവശതകളുണ്ടെങ്കിലും രക്ഷാപ്രവര്‍ത്തകരോട് പ്രതികരിക്കുന്നുണ്ട്. രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്. സുശാന്തിനെ പുറത്തെടുത്ത ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവും.

Tags:    

Similar News