ക്രമസമാധാനം തകര്‍ന്നു; കാരണഭൂതനായ പിണറായി ആഭ്യന്തരം ഒഴിയണം: ഷാഫി പറമ്പില്‍ എംഎല്‍എ

കൊവിഡ് ഇനിയും പടര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യകിറ്റില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമെ ബോംബ് ലഭിക്കുമോ എന്ന് ആശങ്കയുണ്ടെന്നും ഷാഫി പറഞ്ഞു

Update: 2022-02-16 09:43 GMT
കണ്ണൂര്‍:കേരളത്തിലെ ജനത നല്‍കിയ ഭരണ തുടര്‍ച്ചയാണ് ഏറ്റവും വലിയ തകര്‍ച്ചക്ക് കാരണമെന്ന് ഷാഫി പറമ്പില്‍ എംഎല്‍എ.'പോലിസ് നിഷ്‌ക്രിയത്വം അവസാനിപ്പിക്കുക, സ്വന്തം നാട്ടില്‍ പോലും ക്രമസമാധാനം ഉറപ്പുവരുത്താന്‍ കഴിയാത്ത മുഖ്യമന്ത്രി ആഭ്യന്തരം ഒഴിയുക' എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്‍പില്‍നടത്തിയ കുറ്റവിചാരണ സദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് അരാജകത്വം കൊടികുത്തി വാഴുകയാണ്. ഇതിന് കാരണക്കാരന്‍ ഇരട്ടചങ്കനെന്ന് അവകാശപ്പെടുന്ന കാരണഭൂതനാണ്. തോട്ടടയില്‍ നടന്നത് കേരളത്തില്‍ കേട്ട് കേള്‍വി പോലുമില്ലാത്ത സംഭവമായിരുന്നു.ഒരു വിവാഹ വീട്ടിലേക്ക് ബോംബുമായി പോവുക, എന്നിട്ട് എറിയുക. അതില്‍ പാര്‍ട്ടിക്കാരന്‍ മരണപ്പെടുക.സംഭവിക്കാന്‍ പാടില്ലാത്തകാര്യമാണിതെന്ന് അദ്ദേഹം പറഞ്ഞു.സിപിഎമ്മിന്റെ ആയുധ പുരയില്‍ ഇപ്പോഴും മാരകായുധങ്ങള്‍ നിര്‍മ്മിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവാണിതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഇത് പൂട്ടാന്‍ അടിതട്ടില്‍ നിന്നു തന്നെ സിപിഎം നേതൃത്വം തയ്യാറാകണം. സിപിഎം ഇപ്പോഴും ബോംബ് നിര്‍മ്മിക്കുന്ന കുടില്‍ വ്യവസായത്തിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ബോംബ് രാഷ്ട്രീയം ഇല്ലാതാകണമെങ്കില്‍ ഡിവൈഎഫ്‌ഐയും സിപിഎം നേതൃത്വവും താഴെ തട്ടില്‍ പ്രചരണം നടത്തണം,അവര്‍ പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ളവര്‍ക്ക് വാട്‌സാപ്പ് സന്ദേശം നല്‍കണം. അല്ലാതെ അക്രമത്തെ ആഭാസത്തരമെന്ന് പറഞ്ഞ് നിസാരവല്‍ക്കരിക്കരുതെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

പ്രവാസിയായ യുവാവ് ലക്ഷങ്ങള്‍ ചെലവഴിച്ച് നിര്‍മ്മിച്ച വ്യാപാര സ്ഥാപനത്തില്‍ സിഐടിയുക്കാര്‍ സമരം നടത്തി കട പൂട്ടിക്കുക, കതിരൂരില്‍ ഉല്‍സവ സ്ഥലത്ത് സിപിഎമ്മുകാര്‍ തമ്മിലടിച്ച സ്ഥലത്ത് എത്തിയ പോലിസ് ഉദ്യോഗസ്ഥരെ അക്രമിക്കുക, വിവാഹ വീട്ടില്‍ ബോംബുമായി എത്തുക, എന്താണ് ഇവിടെ നടക്കുന്നത്. പോലീസിനെ നിഷ്‌ക്രീയമാക്കിയതിന്റെ പരിണിതഫലമാണ് കേരളത്തിലങ്ങോളമിങ്ങോളം നടക്കുന്ന ക്രിമിനല്‍ വിളയാട്ടം. പോലീസുദ്യോഗസ്ഥര്‍ക്ക് പോലും പരാതി നല്‍കാന്‍ കഴിയുന്നില്ല. ഒരു നിഷ്‌ക്രീയ സംവിധാനമായി പോലിസ് മാറിയെന്നും ഇതിന് കാരണഭൂതന്‍ പിണറായിയാണെന്നും.പിണറായി അഭ്യന്തര സ്ഥാനം ഒഴിയണമെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

കൊവിഡ് ഇനിയും പടര്‍ന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യകിറ്റില്‍ ഭക്ഷ്യസാധനങ്ങള്‍ക്ക് പുറമെ ബോംബ് ലഭിക്കുമോ എന്ന് ആശങ്കയുണ്ടെന്നും ഷാഫി പറഞ്ഞു.ഇവിടത്തെ പോലിസ് സംവിധാനം താറുമാറായി. വിജിലന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എന്നിവര്‍ക്ക് എന്താണ് പണി.ലഹരി ക്വട്ടേഷന്‍ സംഘങ്ങള്‍ സംസ്ഥാനത്ത് വിലസുകയാണെന്നും അദ്ദേഹം പറഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ചടങ്ങില്‍ അധ്യക്ഷതവഹിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ റിജില്‍ മാക്കുറ്റി,കെ കമല്‍ജിത്ത്, വിനേഷ് ചുള്ളിയാന്‍ സന്ദീപ് പാണപ്പുഴ, ഷിബിന വികെ, സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം റോബര്‍ട്ട് വെള്ളാം വെള്ളി, റിജിന്‍ രാജ,് ജില്ലാ ഭാരവാഹിളായ വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, ശ്രീജേഷ് കൊയിലെരിയന്‍, അനൂപ് തന്നട,പി ഇമ്രാന്‍,സിജോ മറ്റപ്പള്ളി, സിബിന്‍ ജോസഫ്,വരുണ്‍ എംകെ, നികേത് നാറാത്ത്, സുധീഷ് കുന്നത്ത്, പ്രജീഷ് പി പി,നിസാം മയ്യില്‍,ടിപി ശ്രീനിഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    

Similar News