കശ്മീരില്‍ അഭിഭാഷകനെ അജ്ഞാതര്‍ വെടിവച്ചു കൊന്നു
വെടിയേല്‍ക്കുന്നതിനു അല്‍പ്പ സമയം മുന്‍പ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന ഖാദരി തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി പറഞ്ഞിരുന്നു.
ശ്രീനഗര്‍: കശ്മീരിലെ പ്രമുഖ അഭിഭാഷകന്‍ ബാബര്‍ ഖാദരിയെ അജ്ഞാതര്‍ വെടിവച്ചു കൊന്നു.വെടിയേറ്റ അദ്ദേഹത്തെ ശ്രീനഗറിലെ ഷേര്‍ഇന്‍ കശ്മീര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (സ്‌കിംസ്) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വെടിയേല്‍ക്കുന്നതിനു അല്‍പ്പ സമയം മുന്‍പ് ഫെയ്‌സ്ബുക്ക് ലൈവില്‍ വന്ന ഖാദരി തനിക്ക് ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചതായി പറഞ്ഞിരുന്നു.
രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതായി ആരോപിച്ച് മുന്‍പും ബാബര്‍ ഖാദരിക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് ട്വിറ്റിറില്‍ ഖാദരിയുടേതായി വന്ന ട്വീറ്റിലും ഇക്കാര്യം പറഞ്ഞിരുന്നു. 'ഏജന്‍സികള്‍ക്കായി ഞാന്‍ പ്രവര്‍ത്തിക്കുന്നുവെന്ന് തെറ്റായ പ്രചരണം നടത്തിയ ഈ ഷാ നസീറിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഞാന്‍ സംസ്ഥാന പോലീസ് ഭരണകൂടത്തോട് അഭ്യര്‍ത്ഥിക്കുന്നു. ഈ സത്യമല്ലാത്ത പ്രസ്താവന എന്റെ ജീവന് ഭീഷണിയാകും' എന്നായിരുന്നു അദ്ദേഹം സെപ്റ്റംബര്‍ 21ന് ട്വീറ്റ് ചെയ്തത്.