രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാന്‍ ഇടതുമുന്നണിയില്‍ തീരുമാനം

രാജ്യസഭയിലേക്ക് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. സിപിഎമ്മും ജോസ് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Update: 2021-11-09 13:00 GMT

തിരുവനന്തപുരം: രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാന്‍ ഇടതുമുന്നണിയില്‍ തീരുമാനം. ജോസ് കെ മാണി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റാണ് കേരള കോണ്‍ഗ്രസിന് തന്നെ നല്‍കാന്‍ ഇന്ന് ചേര്‍ന്ന ഇടതുമുന്നണി യോഗം തീരുമാനിച്ചത്. എല്‍ഡിഎഫില്‍ എത്തിയതിനെ തുടര്‍ന്ന് ജനുവരി 11നാണ് ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവച്ചത്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഉപതിരഞ്ഞെടുപ്പ് വൈകുകയായിരുന്നു. ഈ മാസം 29 നാണ് തിരഞ്ഞെടുപ്പ് നടക്കുക. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയ്യതി നവംബര്‍ 16നാണ്.

രാജ്യ സഭയിലേക്ക് ജോസ് കെ മാണി തന്നെ മത്സരിച്ചേക്കുമെന്നാണ് സൂചന. സിപിഎമ്മും ജോസ് മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വര്‍ഷം മാത്രമേ കാലാവധി ഉള്ളതിനാല്‍ ജോസ് രാജ്യസഭയിലേക്ക് പോണമെന്ന് കേരളാ കോണ്‍ഗ്രസിലെ ഒരു വിഭാഗം ആവശ്യപ്പെടുന്നു. അതിന് ശേഷം നിയമസഭയിലേക്ക് മത്സരിക്കാമെന്നാണ് ഇവരുടെ അഭിപ്രായം. അതേ സമയം സ്റ്റീഫന്‍ ജോര്‍ജ്ജ് അടക്കമുള്ളവരും പരിഗണിക്കപ്പെടുന്നുണ്ട്.

ഇടത് മുന്നണിയില്‍ കൂടുതല്‍ മേല്‍ക്കൈ നേടുകയാണ് കേരളാ കോണ്‍ഗ്രസ് എം. നിലവില്‍ ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ഒപ്പം ആറ് ബോര്‍ഡ്-കോര്‍പറേഷന്‍ പദവിയും കേരളാ കോണ്‍ഗ്രസിനുണ്ട്. ഇതോടൊപ്പമാണ് രാജ്യസഭാ സീറ്റും കേരളാ കോണ്‍ഗ്രസിന് ലഭിക്കുന്നത്.

റെയില്‍വേ സില്‍വര്‍ലൈന്‍ പദ്ധതിയ്‌ക്കെതിരായും, ശബരിമല വിമാനത്താവളത്തിനെതിരായും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനം കേരളത്തിന്റെ വന്‍ വികസന പദ്ധതികള്‍ തകര്‍ക്കാനുള്ള ഉദ്ദേശത്തോടു കൂടിയാണെന്ന് എല്‍ഡിഎഫ് യോഗം വിലയിരുത്തി.

സംസ്ഥാനത്തിന് നല്‍കാനുള്ള ജിഎസ്ടി കുടിശ്ശിക വര്‍ദ്ധിച്ചുവരികയാണ്. എംഎന്‍ആര്‍ഇജി പദ്ധതിയ്ക്ക് നല്‍കേണ്ട കേന്ദ്രവിഹിതം വന്‍ തോതില്‍ കുടിശ്ശികയാണ്. ഇത്തരം നിലപാടുകള്‍ക്കെതിരെ നവംബര്‍ 30ന് വൈകീട്ട് 5മുതല്‍ 7വരെ ജില്ലാ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്താന്‍ എല്‍ഡിഎഫ് തീരുമാനിച്ചു.

Tags:    

Similar News