കോണ്‍ഗ്രസ്സില്‍ നിന്ന് നേതാക്കള്‍ പുറത്തേക്ക്; നിറം മങ്ങി പ്രിയങ്കാ ഗാന്ധിയുടെ ഗോവ തിരഞ്ഞെടുപ്പ് പ്രചാരണം
മുംബൈ: ഗോവയിലെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധി വാദ്ര തുടക്കം കുറിക്കുമ്പോള്‍ കാത്തിരിക്കുന്നത് നിരാശപ്പെടുത്തുന്ന അനുഭവങ്ങള്‍. ഗോവയിലെ സംസ്ഥാന കോണ്‍ഗ്രസ് നേതാക്കള്‍ നിരവധി പ്രമുഖരാണ് കഴിഞ്ഞ ദിവസങ്ങളില്‍ ത്രിണമൂലിലേക്കും ആം ആദ്മി പാര്‍ട്ടിയിലേക്കും ചേക്കേറിയത്. ഇന്ന് രാവിലെയാണ് പ്രിയങ്ക ഗോവയില്‍ പ്രചാരണത്തിനെത്തിയത്.
ഗോവയിലെ പ്രമുഖ നേതാവായ മൊറെനൊ റെബെലോയാണ് അവസാനം പാര്‍ട്ടി വിട്ട കോണ്‍ഗ്രസ് നേതാവ്. കുര്‍ട്ടോറിയം എംഎല്‍എ അലെക്‌സിയൊ റെഗിനാല്‍ഡൊയുമായുള്ള സീറ്റ് തര്‍ക്കമാണ് റെബെലൊയെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്.
'അലക്‌സിയൊ ഒരു പാര്‍ട്ടി പ്രവര്‍ത്തനത്തിലും ഇതുവരെ ഏര്‍പ്പെട്ടതായി അറിയില്ല. പാര്‍ട്ടി നേതാക്കളെ ചീത്തപറയലാണ് പതിവ്. പാര്‍ട്ടി വിരുദ്ധനുമാണ്. എന്നിട്ടും അദ്ദേഹം പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ്'- രാജിക്കത്തില്‍ റെബെലൊ കുറ്റപ്പെടുത്തി.
സെപ്തംബറിനു ശേഷം കോണ്‍ഗ്രസ്സിന് രണ്ട് മുന്‍ മുഖ്യമന്ത്രിമാരെയും നിരവധി എംഎല്‍എമാരെയും നഷ്ടപ്പെട്ടിട്ടുണ്ട്. നിലവില്‍ മൂന്ന് എംഎല്‍എമാരാണ് അവശേഷിക്കുന്നത്.
നേതാവായ രവി നായിക് ബിജെപിയിലേക്കാണ് 19 കൊല്ലത്തിനുശേഷം തിരിച്ചുപോയത്. ലൂയിസിഞ്ഞോ ഫലീറോ മമതയുടെ ത്രിണമൂലില്‍ ചേക്കേറി.
ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായുള്ള സഖ്യവും ത്രിശങ്കുവിലാണ്. ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടിയുമായി സഖ്യമുണ്ടെന്ന് ചിദംബരമാണ് മാധ്യമങ്ങളെ അറിയിച്ചത്. ബിജെപിയെ തറപറ്റിക്കാനാണ് കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുന്നതെന്നാണ് പാര്‍ട്ടി നിലപാട്. മുന്‍ ബിജെപി സഖ്യകകക്ഷിയാണ് ഗോവ ഫോര്‍വേര്‍ഡ് പാര്‍ട്ടി.
2017 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് 17 സീറ്റും ബിജെപിക്ക് 13 സീറ്റുമാണ് ഉണ്ടായിരുന്നത്. പക്ഷേ, പിന്നീട് പ്രാദേശിക പാര്‍ട്ടികളുമായി ചേര്‍ന്ന് ബിജെപി സര്‍ക്കാര്‍ രൂപീകരിച്ചു.