വീണാ ജോര്‍ജ് പറഞ്ഞത് പച്ചക്കള്ളം; കെആര്‍ അവിഷിത്തിനെ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കാന്‍ കത്ത് നല്‍കിയത് ഇന്ന്

ആഭ്യന്തര വകുപ്പ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് അവിഷിത്ത് ഇതുവരെ പൊതുഭരണ വകുപ്പില്‍ തിരിച്ച് ഏല്‍പ്പിച്ചിട്ടില്ല

Update: 2022-06-25 10:51 GMT

തിരുവനന്തപുരം: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസ് ആക്രമിച്ച സംഭവത്തില്‍ പോലിസ് പ്രതി ചേര്‍ത്ത കെആര്‍ അവിഷിത്തിനെ ആരോഗ്യമന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത് ഇന്ന്. മന്ത്രി വീണ ജോര്‍ജിന്റെ പ്രൈവറ്റ് സെക്രട്ടറിയാണ് പൊതുഭരണ വകുപ്പിന് കത്ത് നല്‍കിയത്. ഏറെ നാളായി ഓഫിസില്‍ ഹാജരാകുന്നില്ലെന്നും അതിനാല്‍ ഒഴിവാക്കണമെന്നുമാണ് കത്തിലെ ആവശ്യം. ഈ മാസം 14 മുതല്‍ അവിഷിത്ത് ഓഫിസിലെത്തുന്നില്ലെന്ന് പ്രൈവറ്റ് സെക്രട്ടറി സജീവന്‍ നല്‍കിയ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇതിനിടെ, അവിഷിത്തിനെ വീണ ജോര്‍ജിന്റെ ഓഫിസില്‍ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. ഓഫിസ് അറ്റന്‍ഡറായാണ് നിയമനം നല്‍കിയിരുന്നത്. എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായി അവിഷിത്ത് ഇപ്പോള്‍ തന്റെ സ്റ്റാഫംഗമല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ അവിഷിത്തിനെ ജോലിയില്‍ നിന്ന് ഒഴിവാക്കി കൊണ്ടുള്ള ഉത്തരവ് ഇതുവരെ പൊതുഭരണ വകുപ്പോ ആരോഗ്യ മന്ത്രിയുടെ ഓഫിസോ പുറത്തുവിട്ടിട്ടില്ല. ആഭ്യന്തര വകുപ്പ് നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ് അവിഷിത്ത് ഇതുവരെ പൊതുഭരണ വകുപ്പില്‍ തിരിച്ച് ഏല്‍പ്പിച്ചിട്ടുമില്ല. 

ആക്രമണം നടത്തിയവരില്‍ അവിഷിത്ത് ഉള്‍പ്പെട്ടിട്ടുണ്ടെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് ഇയാള്‍ ഇപ്പോള്‍ തന്റെ സ്റ്റാഫല്ലെന്ന് വീണ ജോര്‍ജ് വ്യക്തമാക്കിയത്. ഈ മാസം ആദ്യമാണ് വ്യക്തിപരമായ കാരണങ്ങളാല്‍ അവിഷിത്ത് ഒഴിവായത് എന്നാണ് ആരോഗ്യമന്ത്രിയുടെ വിശദീകരണം. ആക്രമണത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്നും വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തിരുന്നു.

വിമര്‍ശിച്ച് അവിഷിത്ത്

ഇതിനിടെ, പോലിസിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എഫ്‌ഐ മുന്‍ ജില്ലാ വൈസ് പ്രസിഡന്റ് കെആര്‍ അവിഷിത്ത് രംഗത്തെത്തി. കേരളത്തിലെ പോലിസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പണിയാണ് എടുക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രതിരോധം തീര്‍ക്കുമെന്ന് അവിഷിത്ത് ഫേസ്ബുക്കില്‍ കുറിച്ചു. 

Tags:    

Similar News