ലിഫ്റ്റ് പ്രവര്‍ത്തിച്ചില്ല; കളമശ്ശേരി മെഡിക്കല്‍ കോളജില്‍ മൃതദേഹം ചുമന്ന് താഴെയിറക്കി

Update: 2022-12-23 06:19 GMT

കൊച്ചി: എറണാകുളം കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതോടെ മൃതദേഹം താഴെയെത്തിച്ചത് സ്‌ട്രെച്ചറില്‍ ചുമന്നെന്ന് പരാതി. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. കാലടി ശ്രീമൂലനഗരം സ്വദേശി സുകുമാരന്‍ (48) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. വീട്ടില്‍വച്ച് പൊള്ളലേറ്റതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. ലിഫ്റ്റ് പ്രവര്‍ത്തിക്കാത്തതിനാല്‍ 80 ശതമാനം പൊള്ളലേറ്റയാളെ കൂടെയുണ്ടായിരുന്നവര്‍ ചുമന്നാണ് അന്ന് മൂന്നാം നിലയിലെത്തിച്ചത്.

ചൊവ്വാഴ്ച ഇയാള്‍ ആശുപത്രിയില്‍ കിടന്ന് മരിച്ചു. സര്‍ജന്‍മാരില്ലാത്തതിനാല്‍ ബുധനാഴ്ചയാണ് പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം വിട്ടുനല്‍കിയത്. ലിഫ്റ്റ് ശരിയാക്കാത്തതിനാല്‍ മൃതദേഹം ചുമന്നുതന്നെയാണ് താഴെയെത്തിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കെതിരേ മരിച്ച സുകുമാരന്റെ കുടുംബം രംഗത്തുവന്നിട്ടുണ്ട്. നാളുകളായി ലിഫ്റ്റ് പ്രവര്‍ത്തനരഹിതമാണെങ്കിലും ഇത് ശരിയാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നടപടിയുമുണ്ടായില്ലെന്നാണ് ആരോപണം.

ഇന്ന് ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു. അതേസമയം, ലിഫ്റ്റ് പ്രവര്‍ത്തിപ്പിക്കാത്തത് ലൈസന്‍സ് ലഭിക്കാത്തതുകൊണ്ടാണെന്ന് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ.ഗണേഷ് മോഹന്‍ പ്രതികരിച്ചു. പുതുതായി സ്ഥാപിച്ച ലിഫ്റ്റിന് ലൈസന്‍സ് നല്‍കേണ്ടത് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റാണ്. 20 വര്‍ഷം പഴക്കമുള്ള ലിഫ്റ്റ് പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്നാണ് പുതിയത് സ്ഥാപിച്ചത്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന്റെ പരിശോധന അന്തിമഘട്ടത്തിലാണെന്നും ലിഫ്റ്റ് ഉടന്‍ പ്രവര്‍ത്തന സജ്ജമാവുമെന്നും സൂപ്രണ്ട് പറഞ്ഞു.

Tags:    

Similar News