'സര്‍ബത്ത് ഷേക്ക് ' എന്ന പേരില്‍ മദ്യക്കച്ചവടം; തമിഴ്‌നാട് സ്വദേശി പിടിയില്‍
കൊച്ചി: കലൂര്‍ സ്റ്റാന്റിലും പരിസരത്തും കൂലിപ്പണിക്കാര്‍ക്കും മറ്റും ചെറുകുപ്പികളിലാക്കി മദ്യം കച്ചവടം നടത്തിവന്നിരുന്ന തമിഴ്‌നാട് സ്വദേശി എറണാകുളം റേഞ്ച് എക്‌സൈസിന്റെ പിടിയിലായി. കലൂര്‍ മണപ്പാട്ടി പറമ്പില്‍ താമസിക്കുന്ന കോളാഞ്ചി മുത്തു (പാല്‍പാണ്ടി-52) ആണ് പിടിയിലായത്. വിവിധ തരത്തിലുള്ള പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നായി നാല് ലിറ്റര്‍ മദ്യം പിടിച്ചെടുത്തു. രാവിലെ കൂലിപ്പണിക്ക് പോവുന്നവരെ ലക്ഷ്യംവച്ച് കൊണ്ട് 'സര്‍ബത്ത് ഷേക്ക് ' എന്ന പേരിലാണ് ഇയാള്‍ മദ്യം കച്ചവടം നടത്തി വന്നിരുന്നത്.
കലൂര്‍ ജങ്ഷന്‍ പരിസരത്ത് ആളുകള്‍ വ്യാപകമായി മദ്യം കലര്‍ത്തിയ പാനിയം കുടിക്കുന്നണ്ടെന്ന വിവരം എറണാകുളം റേഞ്ച് എക്‌സൈസിന് നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതെത്തുടര്‍ന്ന് കലൂര്‍ ജങ്ഷന്‍ പരിസരത്ത് നീരീക്ഷണം നടത്തിവന്ന ഷാഡോ സംഘം കോളാഞ്ചി മുത്തുവാണ് മദ്യം കച്ചവടം നടത്തുന്നതെന്ന് മനസ്സിലാക്കിയിരുന്നു. എക്‌സൈസ് സംഘം പിന്തുടരുന്നത് കണ്ട് പന്തികേട് മനസ്സിലാക്കിയ ഇയാള്‍ മദ്യമടങ്ങിയ സഞ്ചി വലിച്ചെറിഞ്ഞ് കളഞ്ഞിട്ട് ഓട്ടോറിക്ഷയില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
എക്‌സൈസ് സംഘം ഇയാളെ പിന്തുടര്‍ന്ന് പിടികൂടി. അസി. ഇന്‍സ്‌പെക്ടര്‍ കെ വി ബേബി, സിറ്റി മെട്രോ ഷാഡോ പ്രിവന്റീവ് ഓഫിസര്‍ എന്‍ ജി അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ എന്‍ ഡി ടോമി, സിറ്റി റേഞ്ചിലെ സിവില്‍ എക്‌സൈസ് ഓഫിസര്‍ എസ് ദിനോബ്, ടി അഭിലാഷ് എന്നിവര്‍ ചേര്‍ന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.