ലിവിങ് ടുഗെതര്‍ ധാര്‍മികമായും സാമൂഹികമായും സ്വീകാര്യമല്ല; സംരക്ഷണം നല്‍കാനാവില്ലെന്ന് കോടതി
ചണ്ഡിഗഡ്: വിവാഹം ചെയ്യാതെ സ്ത്രീയും പുരുഷനും ഒരുമിച്ച് ജീവിക്കുന്ന ലിവിങ് ടുഗെതര്‍ ധാര്‍മികമായും സാമൂഹികമായും സ്വീകാര്യമല്ലെന്നും ഇതിന് സംരക്ഷണം നല്‍കാനാവില്ലെന്നും കോടതി. സംരക്ഷണം ആവശ്യപ്പെട്ട് ഒളിച്ചോടിയ ദമ്പതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ട് പഞ്ചാബ്, ഹരിയാന ഹൈക്കോടതിയാണ് ലിവിങ് ടുഗെതര്‍ ധാര്‍മ്മികമായും സാമൂഹികമായും അംഗീകരിക്കാനാവില്ലെന്ന് ഉത്തരവിട്ടത്. കമിതാക്കളായ ഗുല്‍സ കുമാരി (19), ഗുര്‍വിന്ദര്‍ സിംഗ് (22) എന്നിവരാണ് സംരക്ഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്.
തങ്ങള്‍ ഒരുമിച്ച് താമസിക്കുന്നതായും താമസിയാതെ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നതായും ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ഗുല്‍സ കുമാരിയുടെ മാതാപിതാക്കള്‍ ആപായപ്പെടുത്താന്‍ ശ്രമിക്കുന്നതായും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് ഇവര്‍ കോടതിയെ സമീപിച്ചത്. ലിവിങ് ടുഗെതറിന് അംഗീകാരം തേടുന്ന വിധത്തിലാണ് ഹരജി സമര്‍പ്പിച്ചതെന്നും ഇത് ധാര്‍മ്മികമായും സാമൂഹികമായും സ്വീകാര്യമല്ലെന്നും ജസ്റ്റിസ് എച്ച്.എസ്. മദാന്‍ ഉത്തരവില്‍ പറഞ്ഞു.