എല്‍ജെഡി അധ്യക്ഷസ്ഥാനം രാജിവെക്കണമെന്ന് ഷെയ്ഖ് പി ഹാരിസ്; തീരുമാനിക്കേണ്ടത് സംസ്ഥാന കമ്മറ്റിയെന്ന് ശ്രേയാംസ് കുമാര്‍

ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തില്‍ ശ്രേയാംസ് കുമാര്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിച്ചില്ലെന്നാണ് വിമതരുടെ വിമര്‍ശനം. രാജ്യസഭാ സീറ്റ് നിലനിര്‍ത്താന്‍ ശ്രേയാംസ് കുമാര്‍ മറ്റ് നേതാക്കളെ തഴയുന്നെന്നും വിമതര്‍ ആരോപിച്ചു.

Update: 2021-11-17 12:41 GMT

തിരുവനന്തപുരം: താന്‍ പുറത്തുപോകണോ എന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന കൗണ്‍സിലും കമ്മറ്റിയുമാണെന്ന് എല്‍ജെഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാര്‍. 76 പേരാണ് സംസ്ഥാന കമ്മറ്റിയിലുള്ളത്. അതില്‍ ഒന്‍പതു പേര്‍ മാത്രമാണ് ഇന്നത്തെ ആരോപണത്തിന് പിന്നിലുള്ളത്. ഷെയ്ഖ് പി ഹാരിസിന്റെ ആരോപണത്തില്‍ കഴമ്പില്ല. സീറ്റ് ചര്‍ച്ചയില്‍ പങ്കെടുത്തയാളാണ് ആരോപണമുന്നയിക്കുന്നത്. വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നത് ഷെയ്ഖ് പി ഹാരിസാണ്. എല്‍ജെഡിക്ക് നാല് സീറ്റ് എല്‍ഡിഎഫ് വാഗ്ദാനം ചെയ്തിരുന്നില്ല. വടകരയിലെ തോല്‍വിയെ കുറിച്ച് സിപിഎം തന്നെ അന്വേഷണം നടത്തിയതാണ്. നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതിന്റെ പ്രതിഷേധമാണ് ഇപ്പോള്‍ കാണുന്നത്. പാര്‍ട്ടിയിലെ അഭിപ്രായവ്യത്യാസം പൊതുജന മാധ്യത്തില്‍ വലിച്ചിഴക്കേണ്ടതില്ല. എല്‍ജെഡി പിളരില്ലെന്നും ശ്രേയാംസ് കുമാര്‍ പറഞ്ഞു.

കല്‍പ്പറ്റയില്‍ മത്സരിക്കാനില്ലെന്ന് പറഞ്ഞിരുന്നു. പാര്‍ട്ടി ഏകകണ്‌ഠേനയാണ് സ്ഥാനാര്‍ഥിയാക്കിയത്. ഇത്തരം ആരോപണങ്ങളില്‍ കഴമ്പില്ല. വിഭാഗീയ പ്രവര്‍ത്തനം നടത്തിയിട്ടില്ല. പാര്‍ട്ടിയുടെ തീരുമാനമാണ് നടപ്പിലാക്കുന്നത്. തിരഞ്ഞെടുപ്പിന് ശേഷം രണ്ട് തവണ സംസ്ഥാനകമ്മിറ്റി ചേര്‍ന്നിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ 20ന് ചേരുന്ന യോഗത്തില്‍ പറയുമെന്നും ശ്രേയാംസ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ശ്രേയാംസ് കുമാര്‍ എല്‍ജെഡി അധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി എല്‍ജെഡി വിമത വിഭാഗം ഷെയ്ഖ് പി ഹാരിസിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് യോഗം ചേര്‍ന്നു.

20നുള്ളില്‍ ശ്രേയാംസ് കുമാര്‍ രാജിവെക്കണമെന്നും ഇല്ലെങ്കില്‍ സംസ്ഥാന കൗണ്‍സില്‍ വിളിച്ച് പുതിയ കമ്മറ്റി പ്രഖ്യാപിക്കാമെന്നും യോഗം തീരുമാനിച്ചു. 26,27,29 തിയ്യതികളില്‍ മേഖലാ യോഗം വിളിക്കും. യഥാര്‍ത്ഥ എല്‍ജെഡി തങ്ങളാണെന്ന്  അവകാശപ്പെട്ട് എല്‍ഡിഎഫ് കണ്‍വീനര്‍ക്ക് ഇന്ന് തന്നെ കത്ത് നല്‍കാനും യോഗം തീരുമാനിച്ചു.

ബോര്‍ഡ്-കോര്‍പറേഷന്‍ വിഭജനത്തില്‍ ശ്രേയാംസ് കുമാര്‍ പാര്‍ട്ടി താല്‍പ്പര്യം സംരക്ഷിച്ചില്ലെന്നാണ് വിമതരുടെ വിമര്‍ശനം. രാജ്യസഭാ സീറ്റ് നിലനിര്‍ത്താന്‍ ശ്രേയാംസ് കുമാര്‍ മറ്റ് നേതാക്കളെ തഴയുന്നെന്നും വിമതര്‍   ആരോപിച്ചു.


Tags:    

Similar News