ചിറയിന്‍കീഴില്‍ നാട്ടുകാരുടെ മര്‍ദ്ദനത്തെത്തുടര്‍ന്ന് മരണം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

Update: 2022-06-13 14:43 GMT

തിരുവനന്തപുരം: ചിറയിന്‍കീഴ് പെരുങ്കുഴിയില്‍ മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാര്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച മധ്യവയസ്‌കന്‍ മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആറ്റിങ്ങല്‍ ഡിവൈഎസ്പി അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് ആവശ്യപ്പെട്ടു. ജൂലൈ 18ന് കേസ് പരിഗണിക്കും.

മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. മുദാക്കല്‍ വേങ്ങോട് സ്വദേശി ചന്ദ്രന്‍ (50) ആണ് മര്‍ദ്ദനത്തെത്തുടര്‍ന്ന് മരിച്ചത്. ചന്ദ്രനെ കെട്ടിയിട്ട് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ 28നാണ് ചന്ദ്രന് ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനമേറ്റത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു മര്‍ദ്ദനം. ഇതിന് ദിവസങ്ങള്‍ക്ക് പിന്നാലെയായിരുന്നു ചന്ദ്രന്റെ മരണം. പരാതിയില്ലെന്ന് എഴുതിക്കൊടുത്തതിനാല്‍ മോഷണക്കുറ്റത്തിന് ചന്ദ്രനെതിരേ പോലിസ് കേസെടുത്തിരുന്നില്ല. ആള്‍ക്കൂട്ട മര്‍ദ്ദനത്തിനെതിരേ ചന്ദ്രനും പരാതി നല്‍കിയിരുന്നില്ല.

Tags:    

Similar News