ബിജെപിക്കൊപ്പമില്ല; മാണ്ഡ്യയില്‍ സ്വതന്ത്രയായി മല്‍സരിക്കുമെന്ന് സുമലത
ജെഡിഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമിയാണ് സുമലതക്കെതിരേ മാണ്ഡ്യയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നത്.
ബെംഗളൂരു:മാണ്ഡ്യ മണ്ഡലത്തില്‍ നിന്ന് സ്വതന്ത്രയായി മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് അംബരീഷിന്റെ ഭാര്യയും നടിയുമായ സുമലത. വാര്‍ത്താസമ്മേളനത്തിലാണ് അവര്‍ ഇക്കാര്യം അറിയിച്ചത്. അംബരീഷ് തുടര്‍ച്ചയായി മാണ്ഡ്യയില്‍ നിന്നാണ് മല്‍സരിച്ചിരുന്നത്.
അംബരീഷിന്റെ മണ്ഡലത്തില്‍ സുമതയെ മത്സരിപ്പിക്കണമെന്നായിരുന്നു പ്രാദേശിക കോണ്‍ഗ്രസ് നേതാക്കളുടേയും അംബരീഷിന്റെ അനുയായികളുടേയും ആവശ്യം. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക കൂടിയായ സുമലതക്ക് മൈസൂര്‍ സീറ്റ് നല്‍കാമെന്നും മാണ്ഡ്യ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്നും ജെഡിഎസ് ആവശ്യപ്പെട്ടിരുന്നു. മാണ്ഡ്യ ജെഡിഎസിന് കോണ്‍ഗ്രസ് വിട്ട് നല്‍കി സുമലതയ്ക്ക് മറ്റേതെങ്കിലും സീറ്റ് നല്‍കാമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം നല്‍കിയെങ്കിലും അവര്‍ വഴങ്ങിയില്ല.
അതിനിടെ, സുമലതയെ ബിജെപി പാളയത്തില്‍ എത്തിക്കാനും ശ്രമം നടന്നിരുന്നു. ബിജെപി പിന്തുണയോടെ സുമലത മാണ്ഡ്യയില്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നായിരുന്നു സൂചന.
കോണ്‍ഗ്രസ് ജെഡിഎസ് ബന്ധത്തിന് വിള്ളല്‍ വരാതെ നോക്കാന്‍ ഇരു പാര്‍ട്ടികളും ശ്രമിച്ചിരുന്നു. കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ കുമാരസ്വാമിയെ മാണ്ഡ്യയില്‍ നിന്ന് മത്സരിപ്പിക്കാനായിരുന്നു ജെഡിഎസ് നീക്കം. ജെഡിഎസ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിഖില്‍ കുമാരസ്വാമിയാണ് സുമലതക്കെതിരേ മാണ്ഡ്യയില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുന്നത്.
ബിജെപി പിന്തുണ ഉറപ്പാക്കാനാണ് ഇത്രയും കാത്തു നിന്നതെന്ന് സുമലത വ്യക്തമാക്കി കഴിഞ്ഞു. സുമലതക്ക് സീറ്റ് നല്‍കുന്നതില്‍ കോണ്‍ഗ്രസിന് എതിര്‍പ്പുണ്ടായിരുന്നില്ല എന്നാല്‍, സീറ്റിന് മേല്‍ ജെഡിഎസ് പിടിമുറുക്കിയതോടെയാണ് സുമലതയുടെ സ്ഥാനാര്‍ഥിത്വം നിഷേധിക്കപ്പെട്ടത്.