സംസ്ഥാനങ്ങളിലെ കൊവിഡ് പ്രതിരോധ നടപടികള്‍: ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള സ്പീക്കര്‍മാരുമായി സംസാരിച്ചു; കേരള മോഡല്‍ വിശദീകരിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍

ആദ്യ കൊവിഡ് സ്ഥിരീകരണം മുതല്‍ ലോകാരോഗ്യ സംഘടയുടെയുള്‍പ്പടെ നിര്‍ദേശങ്ങള്‍ പാലിച്ച് വിവിധ ഘട്ടങ്ങളിലായി സംസ്ഥാനം സ്വീകരിച്ച പ്രതിരോധ നടപടികള്‍ സ്പീക്കര്‍ വിശദീകരിച്ചു.

Update: 2020-04-21 13:31 GMT

മലപ്പുറം: സമര്‍ത്ഥവും കൃത്യവുമായ ഇടപെടലാണ് കേരളത്തിനെ കൊവിഡ് പ്രതിരോധത്തില്‍ ലോകത്തിന് മാതൃകയാക്കിയതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ള വിളിച്ചു ചേര്‍ത്ത വീഡിയോ കോണ്‍ഫറന്‍സില്‍ കൊവിഡ് പ്രതിരോധത്തിനായി കേരളം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് വിശദീകരിക്കുകയായിരുന്നു അദ്ദേഹം. മലപ്പുറം കലക്ടറേറ്റിലെ വീഡിയോ കോണ്‍ഫറന്‍സിംഗ് കേന്ദ്രത്തില്‍ നിന്നാണ് വിവിധ സംസ്ഥാനങ്ങളിലെ സ്പീക്കര്‍മാരുമായുള്ള യോഗത്തില്‍ പി ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത്.

ആദ്യ കൊവിഡ് സ്ഥിരീകരണം മുതല്‍ ലോകാരോഗ്യ സംഘടയുടെയുള്‍പ്പടെ നിര്‍ദേശങ്ങള്‍ പാലിച്ച് വിവിധ ഘട്ടങ്ങളിലായി സംസ്ഥാനം സ്വീകരിച്ച പ്രതിരോധ നടപടികള്‍ സ്പീക്കര്‍ വിശദീകരിച്ചു. കൊവിഡ് ബാധിതരെ കണ്ടെത്തുന്നതോടൊപ്പം രോഗിയുടെ റൂട്ട് മാപ്പ് ഉള്‍പ്പടെ കണ്ടെത്തിയതിനാലാണ് സമൂഹ വ്യാപനം ഇത്ര കാര്യക്ഷമമായി തടയാന്‍ സംസ്ഥാനത്തിനായത്. വില്ലേജുകളിലും വാര്‍ഡ് തലങ്ങളിലുമുള്ള ദ്രുതകര്‍മ സേനകളുടെ പ്രവര്‍ത്തനവും സ്പീക്കര്‍ എടുത്തു പറഞ്ഞു. ആദ്യ കോവിഡ് സ്ഥിരീകരിച്ചയുടന്‍ സര്‍ക്കാര്‍ വാര്‍റൂമിന്റെ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും അവലോകന യോഗം ചേരുകയും തുടര്‍ന്ന് വിവരങ്ങള്‍ പൊതുജനങ്ങളിലെത്തിക്കുന്നതിനായി വാര്‍ത്താസമ്മേളനം നടത്തുന്നതായും സ്പീക്കര്‍ അറിയിച്ചു. ആദ്യ ഘട്ടമെന്ന നിലയില്‍ 20,000 കോടി രൂപയുടെ ബൃഹത്തായ സാമ്പത്തിക പാക്കേജാണ് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

വിവിധ പെന്‍ഷന്‍കാര്‍ക്ക് 8,000 രൂപ വീതം ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക അടുക്കളകള്‍ വഴി ഭക്ഷണം ആവശ്യപ്പെടുന്നവര്‍ക്ക് മൂന്ന് നേരവും അവരവരുടെ താമസ സ്ഥലങ്ങളില്‍ വളണ്ടിയര്‍മാര്‍ വഴി എത്തിച്ച് നല്‍കുന്നുണ്ട്. കൂടാതെ എപിഎല്‍, ബിപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും സൗജന്യ റേഷനും ഫലവ്യഞ്ജനങ്ങളും നല്‍കിയതായും അദ്ദേഹം സ്പീക്കറെ അറിയിച്ചു.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തി ജോലി ചെയ്യുന്നവരെ 'അതിഥി തൊഴിലാളികള്‍' എന്നാണ് ഇവിടെ അഭിസംബോധന ചെയ്യുന്നത്. അവര്‍ക്ക് ആവശ്യമുള്ള എല്ലാ സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുന്നുണ്ടെന്നും ഇഷ്ടപ്പെടുന്ന ആഹാരം പാകം ചെയ്യുന്നതിനാവശ്യമായ ഭക്ഷ്യവസ്തുക്കളടങ്ങിയ കിറ്റുകള്‍ സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സ്വന്തമായി പരാതി സെല്ലുകള്‍ രൂപീകരിച്ചും സാമൂഹിക ഭക്ഷണ വിതരണത്തില്‍ പങ്കുകൊണ്ടും കേരള നിയമസഭയും ഈ ഉദ്യമത്തില്‍ പങ്കാളികളാവുകയാണെന്നും സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. കൊവിഡ് 19 പ്രതിരോധത്തിന് കേരളം കൈക്കൊണ്ട നടപടികളെ ലോക്‌സഭ സ്പീക്കര്‍ അഭിനന്ദിക്കുകയും ചെയ്തു.

യോഗത്തില്‍ സ്പീക്കറോടൊപ്പം എഡിഎം എന്‍ എം മെഹറലി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജി ബിന്‍സിലാല്‍ സംബന്ധിച്ചു. 

Tags:    

Similar News