കൊവിഡ് പ്രതിരോധം: സംസ്ഥാന സര്‍ക്കാരിന് ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം

വികസിതരാജ്യങ്ങളില്‍ പോലും വൈറസ് വ്യാപനം ചെറുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രോഗം ബാധിച്ചുമരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

Update: 2020-04-04 10:48 GMT
കൊവിഡ് പ്രതിരോധം: സംസ്ഥാന സര്‍ക്കാരിന് ലോക്സഭാ സ്പീക്കറുടെ അഭിനന്ദനം

തിരുവനന്തപുരം: കൊവിഡ് 19 വൈറസ് വ്യാപനം ചെറുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിവരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ അഭിനന്ദനം. നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ഫോണില്‍ ബന്ധപ്പെട്ടാണ് അദ്ദേഹം അഭിനന്ദനം അറിയിച്ചത്. കേരളം സ്വീകരിച്ച കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണ്.

തന്റെ അഭിനന്ദനങ്ങള്‍ സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും പ്രത്യേകം അറിയിക്കണമെന്നും ലോക്സഭാ സ്പീക്കര്‍ പറഞ്ഞതായി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. ലോകത്താകെ 206 രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച കൊവിഡ് ബാധ ആഗോളതലത്തില്‍ വെല്ലുവിളിയാവുമ്പോള്‍ കേരളത്തില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലോകവ്യാപകമായി ചര്‍ച്ചയാവുന്നതിനിടയിലാണ് ലോക്സഭാ സ്പീക്കറും സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദനം അറിയിച്ചിരിക്കുന്നത്. വികസിതരാജ്യങ്ങളില്‍ പോലും വൈറസ് വ്യാപനം ചെറുക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ രോഗം ബാധിച്ചുമരിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്.

സംസ്ഥാനത്ത് ആദ്യ കോവിഡ് ബാധ ജനുവരി 30നാണ് റിപോര്‍ട്ട് ചെയ്തത്. ഇതിനുശേഷം ജനകീയാടിസ്ഥാനത്തിലുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്. രോഗവ്യാപനം തടയുക, വൈറസ് ബാധിച്ചവരെ ചികില്‍സിച്ചുഭേദമാക്കുക, പുതിയ വ്യാപനസാധ്യതകള്‍ ഇല്ലാതാക്കുക എന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നത്.  

Tags:    

Similar News