നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷം; ലോകായുക്ത ഭേദഗതി ബില്‍ സഭ പാസാക്കി
ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവിന് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരങ്ങള്‍ വെട്ടിക്കുറയ്ക്കുന്ന ഭേദഗതി ബില്‍ നിയമസഭ പാസാക്കി. ബില്ലിന്റെ വോട്ടെടുപ്പിന് മുന്‍പ് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. ഇതിന് കൂട്ടുനില്‍ക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത ബില്‍ സഭയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പുതിയ ഭേദഗതികള്‍ ബില്ലില്‍ ഉള്‍പ്പെടുത്തിയെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭ അധികാരപ്പെടുത്താതെ ഭേദഗതിയില്‍ മാറ്റം വരുത്തി. ബില്‍ അവതരിപ്പിക്കുന്നതും ചട്ടവിരുദ്ധമാണെന്ന് ചെന്നിത്തല പറഞ്ഞു.
ജുഡീഷ്യല്‍ തീരുമാനം പരിശോധിക്കാന്‍ എക്‌സിക്യൂട്ടീവിന് സാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അതേസമയം ബില്ലില്‍ സബ്ജക്ട് കമ്മിറ്റിക്കും ഭേദഗതി വരുത്താമെന്ന് മന്ത്രി പി രാജീവ് പറഞ്ഞു.
സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്കു ശേഷമാണു ബില്‍ സഭയില്‍ മടങ്ങിയെത്തിയത്. ലോകായുക്തയുടെ വിധികള്‍ അപ്രസക്തമാക്കുന്നതാണ് ഭേദഗതിയിലെ വ്യവസ്ഥകള്‍.
മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയുടെ ഉത്തരവുണ്ടായാല്‍ അതില്‍ പരിശോധനയ്ക്കുള്ള അവകാശം നിയമസഭയ്ക്കായിരിക്കും. ഉത്തരവില്‍ തീരുമാനമെടുക്കുന്നതില്‍നിന്ന് ഗവര്‍ണറെ ഒഴിവാക്കും. മന്ത്രിമാര്‍ക്കെതിരെ പരാമര്‍ശം ഉണ്ടായാല്‍ അത് പരിശോധിക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് ആയിരിക്കും.
എന്നാല്‍ ഗവര്‍ണറുടെ അംഗീകാരമാണു നിര്‍ണായകമാകുന്നത്. ബില്ലുകള്‍ രാഷ്ട്രപതിയുടെ പരിഗണനയ്ക്കു വിടാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ബില്ലുകള്‍ ഒപ്പിടുന്നതു ഗവര്‍ണര്‍ക്കു നീട്ടിക്കൊണ്ടുപോകാം.