മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ്; ലോകായുക്ത ഫുള്‍ ബെഞ്ച് ഏപ്രില്‍ 12ന് പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസ് ഏപ്രില്‍ 12ന് ലോകായുക്ത ഫുള്‍ ബെഞ്ച് പരിഗണിക്കും. കഴിഞ്ഞ ദിവസം ഭിന്ന വിധിയുണ്ടായതിനെ തുടര്‍ന്നാണ് മൂന്നംഗ ഫുള്‍ബെഞ്ചിന് വിട്ടത്. കേസന്വേഷിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങളിലായിരുന്നു ഭിന്ന നിലപാടുണ്ടായത്. മൂന്നംഗ ബെഞ്ചാണ് ഏപ്രില്‍ 12ന് കേസ് പരിഗണിക്കുക. മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകമായ കേസില്‍ ഭിന്നവിധിയുണ്ടായത് നിയമരാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയ്ക്ക് കാരണമായിപുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നും തുക അനുവദിച്ച മന്ത്രിസഭാ തീരുമാനം ലോകായുക്ത നിയമപ്രകാരം പരിശോധിക്കാമോ എന്നതിലാണ് ലോകായുക്ത ഡിവിഷന്‍ ബെഞ്ചില്‍ ഭിന്നാഭിപ്രായമുണ്ടായത്.
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ 16 മന്ത്രിമാര്‍ക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരേ കേരള സര്‍വകലാശാലാ മുന്‍ സിന്‍ഡിക്കറ്റ് അംഗം ആര്‍ എസ് ശശികുമാര്‍ ആണ് പരാതി നല്‍കിയത്. പരേതനായ എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസച്ചെലവുകള്‍ക്ക് 25 ലക്ഷവും പരേതനായ ചെങ്ങന്നൂര്‍ എംഎല്‍എ കെ കെ രാമചന്ദ്രന്‍ നായരുടെ മകന് അസി. എന്‍ജിനീയര്‍ ജോലിക്കുപുറമേ ഭാര്യയുടെ സ്വര്‍ണപ്പണയം തിരിച്ചെടുക്കുന്നതിനും കാര്‍ വായ്പയ്ക്കുമായി എട്ടര ലക്ഷവും അനുവദിച്ചതിനെതിരേയാണ് ഹരജി. കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച സിവില്‍ പോലിസ് ഓഫിസറുടെ ഭാര്യക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റു ആനുകൂല്യങ്ങള്‍ക്കും പുറമേ 20 ലക്ഷം രൂപ അനുവദിച്ചതിനെതിരേയും പരാതി നല്‍കിയിരുന്നു. 2022 ഫെബ്രുവരി 5ന് ലോകായുക്തയില്‍ വാദം ആരംഭിച്ച ഹര്‍ജിയില്‍ മാര്‍ച്ച് 18ന് വാദം പൂര്‍ത്തിയായിരുന്നു.