ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സ്; ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
ഓര്‍ഡിനന്‍സ് ഏത് സാഹചര്യത്തില്‍ ഇറക്കിയെന്നത് പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു
കൊച്ചി:ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിനെതിരായ ഹരജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത് .ലോകായുക്ത നിയമത്തിന്റെ പതിനാലാം വകുപ്പ് ഭേദഗതി ചെയ്ത് സര്‍ക്കാരിറക്കിയ ഓര്‍ഡിനന്‍സ് ഭരണഘടനാ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി പൊതു പ്രവര്‍ത്തകനായ ആര്‍ എസ് ശശികുമാറാണ് ഹരജി നല്‍കിയത്.
ഹരജിയില്‍ കഴിഞ്ഞയാഴ്ച്ച സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിരുന്നു.ലോകായുക്ത നിയമം ഭേദഗതി ചെയ്ത് ഓര്‍ഡിനന്‍സിറക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നായിരുന്നു നിലപാട്. ഓര്‍ഡിനന്‍സ് ഏത് സാഹചര്യത്തില്‍ ഇറക്കിയെന്നത് പരിശോധിക്കാന്‍ കോടതിക്ക് അധികാരമില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ലോകായുക്ത ഭേദഗതി ഓര്‍ഡിനന്‍സിന് നേരത്തെ കോടതി സ്‌റ്റേ നല്‍കിയിരുന്നില്ല. ഓര്‍ഡിനന്‍സ് സ്‌റ്റേ ആവശ്യപ്പെട്ട ഹരജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുകൊണ്ടായിരുന്നു സ്‌റ്റേ ആവശ്യം അന്ന് ഹൈക്കോടതി തള്ളിയത്. ഹരജിയില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഭേദഗതിയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്ന തീരുമാനങ്ങള്‍ കോടതിയുടെ അന്തിമ തീര്‍പ്പിന് വിധേയമായിരിക്കും.