ലോകായുക്ത ഓര്‍ഡിനന്‍സ്: ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടി
ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്.
തിരുവനന്തപുരം: ലോകായുക്തയുടെ അധികാരപരിധി വെട്ടിക്കുറക്കാനുള്ള കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സര്‍ക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. പ്രതിപക്ഷം ഉന്നയിച്ച പരാതികള്‍ മുന്‍നിര്‍ത്തിയാണ് വിശദീകരണം തേടിയത്.
ഭരണഘടനാ വിരുദ്ധം, രാഷ്ട്രപതിയുടെ അനുമതി തുടങ്ങിയ കാര്യങ്ങളിലാണ് സര്‍ക്കാര്‍ വിശദീകരണം നല്‍കേണ്ടത്. അതിനിടെ, ലോകായുക്ത ഭേദഗതി ചെയ്യാനുള്ള തീരുമാനത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.
ഭേദഗതിയില്‍ നിന്ന് പിന്മാറാന്‍ കേന്ദ്ര നേതൃത്വം സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് വി ഡി സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു. ലോകായുക്ത, ലോക്പാല്‍ വിഷയങ്ങളില്‍ സിപിഎമ്മിന്റെ പൊതുനിലപാടിന് വിരുദ്ധമാണ് ഓര്‍ഡിനന്‍സെന്ന് കത്തില്‍ പറയുന്നു. സിപിഎമ്മിന്റെ രാഷ്ട്രീയ ധാര്‍മികത ചോദ്യം ചെയ്യപ്പെടുമെന്നും അഴിമതിക്കെതിരേ പാര്‍ട്ടി ഇതുവരെ സ്വീകരിച്ച നിലപാടുകള്‍ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതായിരുന്നുവെന്ന് കരുതേണ്ടി വരുമെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആരോപിച്ചു.