ലോകായുക്ത ഭേദഗതി ഓർഡിനൻസ് മന്ത്രിസഭയുടെ കൂട്ടായ തീരുമാനമെന്ന് നിയമമന്ത്രി പി രാജീവ്
പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ഭരണഘടനയോട് ചേർന്നു നിൽക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിന് അംഗീകാരം നൽകിയത് സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റെ കൂട്ടായ തീരുമാനമാണെന്ന് നിയമമന്ത്രി പി രാജീവ്. ഓർഡിനൻസ് വിവാദമായ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവിന്റെ വിമർശനങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാട് ഭരണഘടനയോട് ചേർന്നു നിൽക്കുന്നതല്ലെന്നും മന്ത്രി പറഞ്ഞു.
ലോകായുക്ത ഭേദഗതിക്ക് കാരണമായ ഹൈക്കോടതി വിധി അദ്ദേഹം പൂർണമായും വായിച്ചുവെന്ന് താൻ കരുതുന്നില്ല. ലോകായുക്ത നിയമത്തിലെ 12, 14 വകുപ്പുകൾ പരസ്പരം ബന്ധപ്പെട്ടതാണ്. ഹൈക്കോടതി ഉത്തരവ് 12ാം വകുപ്പിനെ മാത്രം പരാമർശിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു. ലോകായുക്തയ്ക്ക് ശുപാർശ നൽകാൻ മാത്രമാണ് അധികാരം. അർധ ജുഡീഷറി സംവിധാനമാണത്. നിർദ്ദേശങ്ങൾക്ക് അധികാരമില്ല. ജനപ്രതിനിധിയെ അയോഗ്യരാക്കേണ്ടത് കോടതിയല്ലെന്നും ഗവർണറാണെന്നും ഉത്തരവുണ്ട്. നിയമസഭ അടുത്തൊന്നും ചേരാതിരുന്നത് കൊണ്ടാണ് ഭേദഗതി ഓർഡിനൻസായി കൊണ്ടുവന്നതെന്നും മന്ത്രി വിശദീകരിച്ചു.