പ്രതിപക്ഷനേതാവിന്റെ വാദം അസംബന്ധം, ഹിന്ദു ഐക്യവേദി നേതാവ് വീട്ടില്‍ വന്നിട്ടില്ല; തെളിയിക്കാന്‍ വെല്ലുവിളിച്ച് മന്ത്രി പി രാജീവ്
തിരുവനന്തപുരം: തന്റെ വീട്ടിലേയും ഓഫിസിലെയും നിത്യസന്ദര്‍ശകനാണ് ഹിന്ദു ഐക്യവേദി നേതാവെന്ന പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം അസംബന്ധമെന്ന് മന്ത്രി പി രാജീവ്. പ്രതിപക്ഷ നേതാവിന്റെ വാദം തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. തന്റെ വസതിയിലോ ഓഫിസിലെ ഹിന്ദു ഐക്യവേദി നേതാവ് സന്ദര്‍ശിച്ചിട്ടില്ല. ഹിന്ദു ഐക്യവേദി എന്ന ഒരു പദം പോലും തന്റെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിട്ടില്ല. ഇത് അങ്ങേയറ്റം നിരുത്തരവാദപരമായ പരാമര്‍ശമാണ്. ഇന്നലെ പ്രതിപക്ഷ നേതാവ് നല്‍കിയത് ചട്ടവിരുദ്ധ നോട്ടിസാണ്. അതില്‍ അദ്ദേഹത്തിന് ക്ഷീണമുണ്ടായിട്ടുണ്ട്. ഇത്തരം പരാമര്‍ശങ്ങള്‍ അദ്ദേഹത്തിന്റെ പദവിക്ക് ചേര്‍ന്നതല്ലെന്നും മന്ത്രി പി രാജീവ് മീഡിയ റൂമില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
തൃക്കാക്കരയില്‍ വ്യക്തികള്‍ തമ്മിലുള്ള മല്‍സരമല്ല നടന്നത്. പ്രശ്‌നങ്ങളെ രാഷ്ട്രീയമായി കാണാന്‍ ശ്രമിക്കണം. പ്രതിപക്ഷ നേതാവിന്റേത് നിലവാരം കുറഞ്ഞ പ്രസ്താവനയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ ക്ഷേത്രങ്ങളില്‍ നിന്നുള്ള പണം വായ്പയായോ വകമാറ്റിയോ എടുക്കുന്നില്ലെന്ന് നേരത്തെ തന്നെ നിയമസഭയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
പ്രതിപക്ഷ നേതാവിന്റെ വാക്കുകള്‍
മന്ത്രി പി രാജീവിന്റെ നിര്‍ദേശ പ്രകാരമാണ് ഹിന്ദുഐക്യവേദി നേതാവ് ആര്‍വി ബാബു തനിക്കെതിരെ സംസാരിക്കുന്നത്. മന്ത്രിയുടെ വീട്ടിലെ നിത്യ സന്ദര്‍ശകനാണ് ഹിന്ദു ഐക്യവേദി നേതാവ്. രാജീവിനെ ഇയാള്‍ തിരഞ്ഞെടുപ്പില്‍ സഹായിച്ചിട്ടുണ്ടെന്നും സതീശന്‍ ആരോപിച്ചു.
വിഡി സതീശന്‍ ആര്‍.എസ്.എസ് വോട്ട് തേടിയെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി നേതാവ് ആര്‍വി ബാബു കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു.