ലോകായുക്ത ഭേദഗതിയെ ന്യായീകരിച്ച് സിപിഎം; അപ്പീല്‍ പോകാന്‍ പോലും അധികാരമില്ലെന്ന് കോടിയേരി
ലോകായുക്ത വിചാരിച്ചാല്‍ സര്‍ക്കാരിനെ തന്നെ മാറ്റാവുന്ന സ്ഥിതിയാണ്. ചില ഭരണഘടനാപ്രശ്‌നങ്ങള്‍ നിയമത്തിലുണ്ടെന്ന് എജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്
തിരുവനന്തപുരം: ലോകായുക്തയെ ദുര്‍ബലപ്പെടുത്താനുള്ള ഭേദഗതി ഓര്‍ഡിനന്‍സിനെ ന്യായീകരിച്ച് സിപിഎം. ലോകായുക്ത നിയമത്തില്‍ അപ്പീല്‍ പോകാന്‍ പോലും അധികാരമില്ലാത്തതിനാലാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു.
ലോകായുക്ത വിചാരിച്ചാല്‍ സര്‍ക്കാരിനെ തന്നെ മാറ്റാവുന്ന സ്ഥിതിയാണ്. ചില ഭരണഘടനാപ്രശനങ്ങള്‍ നിയമത്തിലുണ്ടെന്ന് എജി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെയോ മന്ത്രി ആര്‍ ബിന്ദുവിനെതിരായോ ഉള്ള പരാതികളുടെ അടിസ്ഥാനത്തിലല്ല ഇപ്പോഴത്തെ ഭേദഗതി. ഈ പ്രോസസ്സ് നേരത്തെ തുടങ്ങിയതാണ്. നിയമസഭയില്‍ ബില്ല് നിയമമായി വരുമ്പോള്‍ പ്രതിപക്ഷത്തിന് മറുപടി പറയാം. ഓര്‍ഡിനന്‍സ് ഇറക്കുന്നതിന് പ്രതിപക്ഷ നേതാവിനോട് ആലോചിക്കേണ്ടതില്ല.
ഭരണഘടനയുടെ 164ാം അനുച്ഛേദവുമായി ചേര്‍ന്ന് പോകുന്നതല്ല നിയമത്തിലെ വ്യവസ്ഥകള്‍.കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഈ നിയമം ദുര്‍ബലമാക്കിയാണ് നിലനില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അപ്പീല്‍ ഭേഗഗതി നിയമത്തില്‍ കൂട്ടിച്ചേര്‍ത്താല്‍ പോരെ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കോടിയേരി കൃത്യമായി മറുപടി നല്‍കിയില്ല.