ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനം കാത്ത് സര്‍ക്കാര്‍; നിയമസഭ സമ്മേളന തിയ്യതി തീരുമാനിക്കാതെ മന്ത്രിസഭായോഗം
ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനത്തിന് ശേഷം നിയമസഭാ സമ്മേളനം തീരുമാനിക്കാനാണ് സര്‍ക്കാര്‍ നീക്കം
തിരുവനന്തപുരം: ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനത്തിനായി കാത്ത് സംസ്ഥാന സര്‍ക്കാര്‍. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം നിയമസഭ സമ്മേളന തിയ്യതി തീരുമാനിച്ചില്ല. അടുത്ത മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടായേക്കും. ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ തീരുമാനത്തിന് ശേഷം സഭസമ്മേളനം തീരുമാനിക്കാനാണ് സര്‍ക്കാര്‍ നീക്കം. അമേരിക്കയില്‍ ചികിത്സയ്ക്കായി പോയ മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇ സന്ദര്‍ശനം കൂടി പൂര്‍ത്തിയാക്കി ഫെബ്രുവരി ആറിന് മടങ്ങി എത്തും. അതിന് ശേഷം ഗവര്‍ണറുടെ തീരുമാനവും കൂടി വന്ന് കഴിഞ്ഞ് അടുത്ത തിങ്കളാഴ്ചയോടെ നിയമസഭ സമ്മേളന തിയ്യതി തീരുമാനിക്കാനാണ് സര്‍ക്കാറിന്റെ തീരുമാനം.
കഴിഞ്ഞ ദിവസമായിരുന്നു ലോകായുക്ത നിയമഭേദഗതിയില്‍ ഗവര്‍ണര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കിയത്. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലോക്പാല്‍ നിയമം വന്നതോടെ ലോകായുക്ത സംസ്ഥാനത്തിന്റെ വിഷയമായെന്നും ഭേദഗതിക്ക് രാഷ്ട്രപതിയുടെ അനുമതി വേണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. വിശദീകരണത്തില്‍ ഗവര്‍ണറുടെ തുടര്‍നിലപാട് നിര്‍ണായകമാവും.
പ്രതിപക്ഷത്തിന്റെ പരാതിയെ തുടര്‍ന്നാണ് ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണറുടെ ഇടപെടലുണ്ടായത്. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവയ്ക്കുന്നതോടെ ലോകായുക്തയുടെ ശക്തമായ അധികാരം സര്‍ക്കാരിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇത് ലോകായുക്ത സംവിധാനത്തെ തന്നെ ദുര്‍ബലപ്പെടുത്തുമെന്നുമാണ് വിമര്‍ശനം. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ നിയമമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
അഴിമതി, സ്വജനപക്ഷപാതം തുടങ്ങി പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ ആരോപണങ്ങള്‍ പരിഗണിക്കുന്ന ലോകായുക്ത ഈ ആരോപണങ്ങളില്‍ കുറ്റം തെളിഞ്ഞാല്‍ ആരോപിതനായ പൊതുപ്രവര്‍ത്തകന്‍ സ്ഥാനത്തിരിക്കാന്‍ അയോഗ്യനാണെന്ന വിധി നടപ്പാക്കേണ്ടിവരുന്നതാണ് നിലവിലെ രീതി. അഴിമതി ലോകായുക്തയില്‍ തെളിഞ്ഞാല്‍ അവര്‍ക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ലെന്ന് ലോകായുക്തയ്ക്ക് പ്രഖ്യാപിക്കാം. ഇതനുസരിച്ച് അവര്‍ സ്ഥാനത്തുനിന്ന് മാറിയ ശേഷമേ അപ്പീല്‍ അധികാരിയായ ഹൈക്കോടതിയെ സമീപിക്കാന്‍ കഴിയൂ. ലോകായുക്തയുടെ ഈ അധികാരം ഭരണഘടനാ വിരുദ്ധമാണെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ക്ക് എതിരെ ലോകായുക്തയ്ക്ക് മുന്നിലുള്ള പരാതിയില്‍ തിരിച്ചടി ഭയന്നാണ് സര്‍ക്കാരിന്റെ തിരക്കിട്ട നീക്കം എന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.