മുഹമ്മദ് അജ്സലിന്റെ ഗോളില്‍ സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വിജയതുടക്കം
കോഴിക്കോട്: എട്ടാം കിരീടം ലക്ഷ്യം വച്ച് സന്തോഷ് ട്രോഫിയിലെ ഈ സീസണിലെ ആദ്യ മല്‍സരത്തിനിറങ്ങിയ കേരളത്തിന് വിജയത്തുടക്കം. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ശക്തരായ റെയില്‍വേസിനെ ഒരു ഗോളിനാണ് കേരളം മറികടന്നത്. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷം 72-ാം മിനിറ്റില്‍ അജ്സലാണ് മത്സരത്തിലെ ഏക ഗോള്‍ നേടിയത്. നിജോ ഗില്‍ബര്‍ട്ടിന്റെ അസിസ്റ്റില്‍ നിന്നും വന്ന പന്ത് അജ്സല്‍ വലയിലേക്ക് തട്ടിയിടുകയായിരുന്നു. റെയില്‍വേസും ശക്തമായ മുന്നേറ്റം നടത്തിയിയെങ്കിലും കേരളത്തിന്റെ പ്രതിരോധ കോട്ടയ്ക്ക് മുന്നില്‍ തട്ടിവീണു.
കേരള സൂപ്പര്‍ ലീഗിലെ യുവനിരയുടെ കരുത്തിലാണ് കേരളം ഇറങ്ങിയത്. സൂപ്പര്‍ ലീഗില്‍ കളിച്ച 10 പേര് കേരള ടീമില്‍ ഇടം പിടിച്ചിരുന്നു. മൂന്നുതവണ സന്തോഷ് ട്രോഫി ഉയര്‍ത്തിയ റെയില്‍വേസും മലയാളിക്കരുത്തിലാണ് ഇറങ്ങിയിരുന്നത്. 22 അംഗ ടീമില്‍ ആറ് മലയാളികള്‍ ഇടംപിടിച്ചിരുന്നു.