ന്യൂഡൽഹി: മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി മുന്നിലെത്തുമെന്ന് പ്രവചിച്ച് എക്‌സിറ്റ് പോൾ ഫലങ്ങൾ. മഹാരാഷ്ട്രയിൽ റിപബ്ലിക് ടിവി, പി -മാർഗ് സർവേകൾ സഖ്യമായ മഹായുതിക്ക് 137 മുതൽ 157 വരെ സീറ്റുകളിൽ മുൻതൂക്കം പ്രവചിക്കുമ്പോൾ മഹാവികാസ് അഘാടിക്ക് 126 മുതൽ 146 സീറ്റുകൾ വരെ ലഭിക്കുമെന്ന് പറയുന്നു. എബിപി, മാട്രിസ് സർവേകൾ മഹായുതിക്ക് 150 - 170 സീറ്റുകളും എംവിഎ ക്ക് 110 -130 സീറ്റുകളാണ് പ്രവചിക്കുന്നത്. ചാണക്യ, സ്ട്രാറ്റജീസ് മഹായുതിക്ക് 152-160 സീറ്റുകളും എംവിഎക്ക് 130 - 138 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു.
മഹാരാഷ്ട്രയിൽ ഭരണത്തുടർച്ച ഉണ്ടാവുമെന്നാണ് എക്സിറ്റ് പോൾ ഫല പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് കടുത്ത മത്സരമാണ് ചില ഏജൻസികൾ പ്രവചിച്ചിരിക്കുന്നത്. 288 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനത്തെ കേവല ഭൂരിപക്ഷം 145 ആണ്. മഹായുതി 135 മുതൽ157 സീറ്റുകൾ നേടുമെന്നാണ് പി മാർഗിൻ്റെ പ്രവചനം. മഹാവികാസ് അഘാടിയ്‌ക്ക് 126 മുതൽ146 സീറ്റുകളും മറ്റുള്ളവർക്ക് 2 മുതൽ എട്ട് സീറ്റുകൾ വരെ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.150 മുതൽ 170 വരെ സീറ്റുകൾ മഹായുതി നേടുമെന്നാണ് മാട്രിസ് പ്രവചനം. കോൺഗ്രസ് നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി 110 മുതൽ 130 വരെ സീറ്റുകൾ നേടുമെന്നും മറ്റുള്ളവർ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നാണ് പ്രവചനം.ചാണക്യ സ്‌ട്രാറ്റജീസ് 152 മുതൽ 160 സീറ്റുകൾ വരെ സീറ്റുകളിലാണ് മഹായുതിയ്‌ക്ക് സാധ്യത കൽപിക്കുന്നത്. 130 മുതൽ 138 സീറ്റുകൾ മഹാവികാസ് അഘാടി നേടുമെന്നും ഏജൻസി പറയുന്നു.പീപ്പിൾസ് പൾസ് എക്‌സിറ്റ് പോൾ പ്രകാരം ബിജെപി നേതൃത്വത്തിലുള്ള സഖ്യം 175-195 സീറ്റുകൾ നേടും. കോൺഗ്രസ് നേതൃത്വം നൽകുന്ന എംവിഎ 85-112 സീറ്റുകൾ നേടും. മറ്റ് പാർട്ടികളും സ്വതന്ത്രരും 7-12 സീറ്റുകൾ നേടും.
ജാർഖണ്ഡിൽ എൻഡിഎ 42-47 സീറ്റുകളും ഇൻഡ്യ സഖ്യം 25-30 സീറ്റുകളും നേടുമെന്നാണ് മാട്രിസ് എക്സിറ്റ് പോൾ പ്രവചനം. ഇതേ പ്രവചനം തന്നെയാണ് എബിപി ന്യൂസിൻ്റേതും. ടൈംസ് നൗ ആവട്ടെ എൻഡിഎക്ക് 40 - 44 സീറ്റുകളും ഇൻഡ്യ സഖ്യത്തിന് 30-40 സീറ്റുകളും ലഭിക്കുമെന്ന് പറയുന്നു. ജാർഖണ്ഡിൽ എൻഡിഎ സഖ്യം അധികാരത്തിൽ വരുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നത്.