മുഖ്യമന്ത്രിക്കും, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനുമെതിരായ ഹര്‍ജികള്‍ ലോകായുക്ത ഇന്ന് പരിഗണിക്കും

കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു സ്വജനപക്ഷപാതം കാണിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത ഇന്ന് വിധി പ്രസ്താവിച്ചേക്കും

Update: 2022-02-04 03:39 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദുവിനുമെതിരായ ഹര്‍ജികള്‍ ലോകായുക്ത ഇന്ന് പരിഗണിക്കും. കണ്ണൂര്‍ വിസി നിയമനത്തില്‍ മന്ത്രി ആര്‍ ബിന്ദു സ്വജനപക്ഷപാതം കാണിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയില്‍ ലോകായുക്ത ഇന്ന് വിധി പ്രസ്താവിച്ചേക്കും.

ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയാണ് ലോകായുക്തയ്ക്ക് ഹര്‍ജി നല്‍കിയത്. വിസിയെ പുനര്‍നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബിന്ദു ഗവര്‍ണര്‍ക്ക് കത്തുകള്‍ നല്‍കിയത് അഴിമതിയും അധികാര ദുര്‍വിനിയോഗവുമാണെന്ന് ചെന്നിത്തല ആരോപിക്കുന്നു.

രാജ്ഭവനില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചതെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം ലോകായുക്തയെ അറിയിച്ചിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയും ഉന്നതവിദ്യാഭ്യാസ മന്ത്രിയും മുന്‍കൈയെടുത്തതുകൊണ്ടാണ് ഗോപിനാഥ് രവീന്ദ്രന് പുനനിയമനം നല്‍കിയതെന്ന് ഇന്നലെ രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പിറക്കി. ഇത് ചെന്നിത്തലയുടെ അഭിഭാഷകന്‍ ഇന്ന് ലോകായുക്തയില്‍ നല്‍കും.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നും ചട്ടം മറികടന്നു വേണ്ടപ്പെട്ടവര്‍ക്ക് പണം നല്‍കിയെന്ന ഹര്‍ജിയും ലോകായുക്ത ഇന്ന് പരിഗണിക്കും. ദുരിതം അനുഭവിക്കുന്നവര്‍ക്കു നല്‍കാനുള്ള പണം സര്‍ക്കാരിനു വേണ്ടപ്പെട്ടവര്‍ക്കു ചട്ടം മറികടന്നു നല്‍കിയെന്നാണു ഹര്‍ജിയിലെ ആരോപണം. ഈ ഹര്‍ജിയില്‍ മുഖ്യമന്ത്രിക്ക് പുറമെ കഴിഞ്ഞ മന്ത്രിസഭയിലെ 16 അംഗങ്ങളും എതിര്‍കക്ഷികളാണ്.

Tags:    

Similar News