ഇന്‍ഡ്യയുടെ കുതിപ്പിനൊപ്പം ചേരാതെ കർണാടക

Update: 2024-06-04 06:09 GMT

ബംഗളൂരു: ഉത്തരേന്ത്യയില്‍ ഇന്‍ഡ്യ മുന്നണിയുടെ കുതിപ്പിനിടെ കര്‍ണാടകയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനാകാതെ കോണ്‍ഗ്രസ്. ഏറെക്കുറെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്കു സമാനമായ പ്രവചിച്ച തരത്തിലാണ് വോട്ടെണ്ണല്‍ ഫലങ്ങള്‍ പുറത്തുവരുന്നത്. ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആകെ 28 സീറ്റില്‍ 21 ഇടത്ത് എന്‍ഡിഎ മുന്നിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തിയ കോണ്‍ഗ്രസ് ഏഴിടത്തും ലീഡ് ചെയ്യുന്നുണ്ട്.

2019ല്‍ കര്‍ണാടകയില്‍ 28ല്‍ 25ഉം ബിജെപി ഒറ്റയ്ക്കു തൂത്തുവാരിയിരുന്നു. ഒന്നിച്ചുനിന്ന കോണ്‍ഗ്രസ്, ജെഡിഎസ് സഖ്യത്തെ നിഷ്പ്രഭമാക്കിയായിരുന്നു ബിജെപിയുടെ കുതിപ്പ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ കുതിപ്പുണ്ടാക്കിയെങ്കിലും ലോക്‌സഭയില്‍ അതു പ്രതിഫലിക്കില്ലെന്ന തരത്തില്‍ നേരത്തെ തന്നെ വിശകലനങ്ങളുണ്ടായിരുന്നു. നിയമസഭാ ട്രെന്‍ഡില്‍നിന്നു മാറി ജനവിധി രേഖപ്പെടുത്തുന്ന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക.

ബെല്ലാരിയില്‍ ഇ തുക്കാറാം, ബംഗളൂരു സെന്‍ട്രലില്‍ മന്‍സൂര്‍ അലി ഖാന്‍, ബിദറില്‍ സാഗര്‍ ഈശ്വര്‍ കാന്ദ്രെ, ചാമരാജ നഗറില്‍ സുനില്‍ ബോസ്, ചിക്കോഡിയില്‍ പ്രിയങ്ക സതീഷ്, റായ്ച്ചൂരില്‍ ജി കുമാര്‍ നായിക്, കൊപ്പളയില്‍ രാജശേഖര ബസവരാജ്, ദേവനഗരത്തില്‍ പ്രഭ മല്ലികാര്‍ജുന്‍ എന്നിവരാണു കോണ്‍ഗ്രസില്‍ മുന്നിട്ടുനില്‍ക്കുന്നത്. ബംഗളൂരു റൂറലില്‍ തേജസ്വ സൂര്യ 80,000ത്തിലേറെ വോട്ടുമായി ബഹുദൂരം മുന്നിട്ടുനില്‍ക്കുകയാണ്. ബെല്‍ഗാമില്‍ ജഗദീഷ് ഷെട്ടാര്‍, ചിക്കബല്ലാപൂരില്‍ കെ സുധാകര്‍, ധര്‍വാഡില്‍ പ്രല്‍ഹാദ് ജോഷി, തുംകൂറില്‍ വി സോമണ്ണ എന്നിവരാണ് മുന്നിട്ടുനില്‍ക്കുന്ന മറ്റു പ്രധാന ബിജെപി നേതാക്കള്‍.

2023ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ ഞെട്ടിച്ച് കോണ്‍ഗ്രസ് വമ്പന്‍ ഭൂരിപക്ഷത്തിനു സംസ്ഥാനം പിടിച്ചിരുന്നു. ഇതിനു പിന്നാലെ സിദ്ധരാമയ്യ സര്‍ക്കാരിന്റെ ജനപ്രിയ പദ്ധതികളും തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കിയതുമെല്ലാം തിരഞ്ഞെടുപ്പില്‍ വോട്ടായി മാറുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിനുണ്ടായിരുന്നു. ഇതോടൊപ്പം എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്ന ജെഡിഎസിലെ പ്രധാന യുവനേതാവും സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയുടെ സെക്‌സ് ടേപ്പ് വിവാദവും വോട്ടിങ്ങില്‍ പ്രതിഫലിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

Tags:    

Similar News