ലക്ഷങ്ങളുടെ തൊണ്ടിമുതല്‍ കളവ് പോയ സംഭവം: വിജിലന്‍സ് അന്വേഷണത്തിന് റവന്യൂ മന്ത്രിയുടെ ശുപാര്‍ശ

581.48 ഗ്രാം സ്വര്‍ണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവയാണ് നഷ്ടപ്പെട്ടത്

Update: 2022-06-01 11:58 GMT

തിരുവനന്തപുരം: തിരുവനന്തപുരം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലായ സ്വര്‍ണവും പണവും വെള്ളിയാഭരണങ്ങളും കാണാതായ സംഭവത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് റവന്യൂ മന്ത്രി ശുപാര്‍ശ ചെയ്തു. സംഭവത്തില്‍ നേരത്തെ പോലിസ് കേസെടുത്തിരുന്നു. അമ്പത് പവന്‍ സ്വര്‍ണം കാണാതായെന്നാണ് സബ് കലക്ടറുടെ റിപോര്‍ട്ട്. ജീവനക്കാരുടെ പങ്കിനെ കുറിച്ച് അന്വേഷണം തുടരുകയാണെന്ന് ജില്ലാ കലക്ടര്‍ നവജ്യോത് ഘോസ പറഞ്ഞിരുന്നു.

അസ്വാഭാവിക മരണങ്ങളുടെ ഇന്‍ക്വസ്റ്റ് സമയത്ത് തര്‍ക്കത്തിലുള്ള വിലപിടിപ്പുള്ള വസ്തുക്കളും ആരും ഏറ്റെടുക്കാനില്ലാത്ത മൂല്യമുളള വസ്തുക്കളും സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ കസ്റ്റഡിയില്‍ സീല്‍ ചെയ്ത് സൂക്ഷിക്കാറുണ്ട്. ഇത്തരത്തില്‍ സീല്‍ ചെയ്ത് സൂക്ഷിച്ചിരുന്ന മുതലുകളില്‍ നിന്നും ചില തൊണ്ടി സാധനങ്ങള്‍ കുറവു കണ്ട സാഹചര്യത്തിലാണ് ചെസ്റ്റിലും ട്രഷറിയിലുമായി സൂക്ഷിച്ചിരുന്ന മുഴുവന്‍ തൊണ്ടിമുതലുകളും പരിശോധനയ്ക്ക് വിധേയമാക്കാന്‍ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവിട്ടത്. ഇത്തരത്തില്‍ നടത്തിയ പരിശോധനയില്‍ 581.48 ഗ്രാം സ്വര്‍ണം, 140.5 ഗ്രാം വെളളി, 47500 രൂപ എന്നിവ നഷ്ടപ്പെട്ടതായി കണ്ടെത്തിയെന്ന ആരോപണം അന്വേഷിക്കുന്നതിനാണ് വിജിലന്‍സിന് ഇപ്പോള്‍ ശൂപാര്‍ശ നല്കിയത്. തിരുവനന്തപുരം റവന്യൂ ഡിവിഷണല്‍ ഓഫിസര്‍ ജില്ലാ കലക്ടര്‍ക്ക് നല്കിയ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഡിഎം, ഡെപ്യൂട്ടി കലക്ടര്‍ (LA), ആര്‍ഡിഒ എന്നിവരടങ്ങിയ വകുപ്പ് തല സംഘത്തോട് ഈ വിഷയം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നേരത്തെ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചിരുന്നു.

തൊണ്ടി മുതല്‍ നഷ്ടമായിരിക്കുന്നത് 2018ന് ശേഷമാണെന്നാണ് പ്രാഥമിക നിഗമനം. 2018 ല്‍ തൊണ്ടിമുതലുകളുടെ പരിശോധന നടത്തിയിരുന്നു. നോട്ടുനിരോധനത്തിന് ശേഷം പുറത്തിറക്കിയ 2000 ത്തിന്റെ നോട്ടുകളും ലോക്കറില്‍ നിന്നും കാണാതായിട്ടുണ്ട്. ലോക്കറിന്റെ ചുമതലയുള്ള സീനിയര്‍ സൂപ്രണ്ടുമാര്‍ ചുമതലയേറ്റെടുക്കുമ്പോള്‍ തൊണ്ടി മുതല്‍ പരിശോധിച്ച് രജിസ്റ്ററില്‍ രേഖപ്പെടുത്താറുണ്ടായിരുന്നില്ലെന്നും പോലിസ് കണ്ടെത്തിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഒരു മാസമെങ്കിലും സമയമെടുക്കും എന്നാണ് സൂചന. സബ് കലക്ടര്‍ മാധവികുട്ടിയുടെ നേതൃത്വത്തിലുളള അന്വേഷണം ഒരു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നാണ് കലക്ടറുടെ ഉത്തരവ്.

അസ്വാഭാവികമായി മരണപ്പെടുന്നവരുടെ ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവുമായി കാണാതായത്. ആര്‍ഡിഒയുടെ കീഴില്‍ ഒരു സീനിയര്‍ സൂപ്രണ്ടാണ് തൊണ്ടിമുതലുകളുടെ കസ്‌റ്റോഡിയന്‍. 2010 മുതല്‍ 2020വരെയുള്ള 50 പവന്‍ സ്വര്‍ണവും 45,000, 120 ഗ്രാം വെളളിയാഭരണങ്ങളുമാണ് നഷ്ടമായിരിക്കുന്നത്. അസ്വാഭാവിക മരണങ്ങളില്‍ കേസ് അവസാനിച്ചാല്‍ മാത്രമാണ് ആര്‍ഡിഒ കോടതിയില്‍ സൂക്ഷിക്കുന്ന സ്വര്‍ണം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കുന്നത്. എന്നാല്‍ ബന്ധുക്കള്‍ പലരും കേസ് അവസാനിച്ചാലും ഇതിനായി അപേക്ഷ നല്‍കി വരാറില്ല.

ഈ പഴുതുപയോഗിച്ചാണ് ഉദ്യോഗസ്ഥര്‍ തട്ടിപ്പ് നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ആര്‍ഡിഒ കോടതിയില്‍ സൂക്ഷിച്ചിരുന്ന ഭര്‍ത്താവിന്റെ സ്വര്‍ണം ആവശ്യപ്പെട്ട് ശ്രീകാര്യം സ്വദേശിനി സബ് കലക്ടറെ സമീപിച്ചതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. സബ്കലക്ടറുടെ ഉത്തരവിനെ തുടര്‍ന്ന് ലോക്കര്‍ പരിശോധിച്ചപ്പോള്‍ തൊണ്ടിമുതല്‍ നഷ്ടപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. ഇതേ തുടന്ന് പരിശോധന നടത്തിയപ്പോഴാണ് ലക്ഷങ്ങളുടെ തൊണ്ടിമുതല്‍ നഷ്ടമായതായി തെളിഞ്ഞത്. ലോക്കര്‍ തകര്‍ത്തിട്ടില്ല. അതുകൊണ്ട് ഉദ്യോഗസ്ഥര്‍ തൊണ്ടിമുതല്‍ മാറ്റിയെന്നാണ് സംശയം.

സബ്കലക്ടറുടെ നേതൃത്വത്തില്‍ ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ട്. സ്വര്‍ണം കാണാതായ കാലയളവില്‍ 20 അധികം പേര്‍ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ ജോലി ചെയ്തിട്ടുണ്ട്. ഈ ഉദ്യോഗസ്ഥരെ പേരൂര്‍ക്കട പോലിസ് ചോദ്യം ചെയ്യും. കവര്‍ച്ചക്കും, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തുള്ള മോഷണത്തിനുമാണ് കേസെടുത്തിരിക്കുന്നത്. 

Tags:    

Similar News