'ലൗ ജിഹാദ്ഭീതി!': മധ്യപ്രദേശിലെ ഗര്‍ബ നൃത്തപരിപാടിയില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുമെന്ന് ഹിന്ദുത്വനേതാവ്

Update: 2022-09-11 13:10 GMT
ലൗ ജിഹാദ്ഭീതി!: മധ്യപ്രദേശിലെ ഗര്‍ബ നൃത്തപരിപാടിയില്‍ അഹിന്ദുക്കളുടെ പ്രവേശനം തടയുമെന്ന് ഹിന്ദുത്വനേതാവ്

ഉജ്ജയിനി: ലൗ ജിഹാദിനുള്ള സാധ്യത ഇല്ലാതാക്കാന്‍ നവരാത്രി നാളില്‍ നടക്കുന്ന മധ്യപ്രദേശിലെ ഗര്‍ബ നൃത്തപരിപാടിയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ഹിന്ദുത്വനേതാവിന്റെ പ്രഖ്യാപനം.

നവരാത്രി ഉല്‍സവത്തിന്റെ ഭാഗമായി ദുര്‍ഗാദേവിയെ പ്രകീത്തിച്ചുകൊണ്ട് ഒമ്പത് ദിവസത്തെ പരിപാടിയാണ് നടക്കുക. ആ ദിവസങ്ങളിലാണ് ഗര്‍ബ നൃത്തം അരങ്ങേറുന്നത്. ഈ വര്‍ഷത്തെ നവരാത്രി ആഘോഷം സെപ്തംബര്‍ 26ന് ആരംഭിക്കും.

അഖണ്ഡ ഹിന്ദു സേനയുടെ പത്ത് വീതം വോളണ്ടിയര്‍മാരെ അണിനിരത്തിയാണ് അഹിന്ദുക്കളെ തടയുക. വോളണ്ടിയര്‍സേനയില്‍ സ്ത്രീകളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

'ലവ് ജിഹാദിന്റെ' ശ്രമങ്ങള്‍ തടയാന്‍ ഞങ്ങളുടെ അഖണ്ഡ ഹിന്ദു സേനയുടെ (എഎച്ച്എസ്) സ്ത്രീകള്‍ ഉള്‍പ്പടെ പത്ത് പ്രവര്‍ത്തകര്‍ വീതമാണ് സംസ്ഥാനത്തുടനീളമുള്ള എല്ലാ ഗാര്‍ബ വേദികളിലും കാവല്‍ നില്‍ക്കുന്നത്'- സംഘടന പ്രസിഡന്റ് അതുല്‍ശാനന്ത സരസ്വതി പറഞ്ഞു.

മൂന്ന് ദിവസം മുമ്പ് മധ്യപ്രദേശില സാംസ്‌കാരിക മന്ത്രി ഉഷ താക്കൂറും സമാനമായ പ്രതികരണവുമായി വന്നിരുന്നു. കാണാനെത്തുന്നവരുടെ ഐഡി പരിശോധിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രസ്താവന.

'എഎച്ച്എസ് പ്രവര്‍ത്തകര്‍ ഗാര്‍ബ വേദികളില്‍ പുരുഷന്മാരുടെ ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിക്കുകയും പ്രവേശിക്കുമ്പോള്‍ നെറ്റിയില്‍ തിലകം ചാര്‍ത്തുകയും ചെയ്യും. ആക്ടിവിസ്റ്റുകള്‍ അഹിന്ദുക്കളുടെ പ്രവേശനം നിയന്ത്രിക്കും'- സേനയുടെ പ്രസിഡന്റ് സരസ്വതി പറഞ്ഞു.

അശ്ലീല നൃത്തങ്ങളില്ലായെന്ന് ഉറപ്പുവരുത്താനും സംഘടന തീരുമാനിച്ചു.

ഐഡി കാര്‍ഡില്ലാതെ നൃത്തത്തിനെത്തുന്നവരെ കൈകാര്യം ചെയ്യുമെന്നും പോലിസില്‍ ഏല്‍പ്പിക്കുമെന്നും സംഘടന ഭീഷണി ഉയര്‍ത്തിയിട്ടുണ്ട്.

അഖണ്ഡ ഹിന്ദു സേനക്ക് 2.5 ലക്ഷം പ്രവര്‍ത്തകരുണ്ട്. ഉജ്ജയിനില്‍ മാത്രം 8,500 പേര്‍. അതില്‍ 1,500 പേര്‍ സ്ത്രീകളാണ്. എല്ലാവര്‍ക്കും ആയുധമുപയോഗിക്കാന്‍ പരിശീലനം ലഭിച്ചതായും സരസ്വതി പറഞ്ഞു.

Tags:    

Similar News