ലവ് ജിഹാദ് ആരോപിച്ച് മുസ്‌ലിം കടകള്‍ തകര്‍ത്ത് ഹിന്ദുത്വര്‍
കീര്‍ത്തി നഗറില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന സല്‍മാന്‍ എന്ന യുവാവുമൊത്താണ് പെണ്‍കുട്ടി ഒളിച്ചോടിയത്.
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ തെഹ്‌രിയില്‍ മുസ്‌ലിം സ്ഥാപനങ്ങള്‍ തകര്‍ത്ത് ഹിന്ദുത്വര്‍. കൗമാരക്കാരിയായ പെണ്‍കുട്ടി മുസ്‌ലിം യുവാവിനൊപ്പം ഒളിച്ചോടിയെന്ന് ആരോപിച്ചാണ് അക്രമം. മുസ്‌ലിം ഉടമസ്ഥതയിലുള്ള നിരവധി സ്ഥാപനങ്ങള്‍ തകര്‍ത്തതായി നാഷണല്‍ ഹെറാള്‍ഡ് പത്രം റിപോര്‍ട്ട് ചെയ്യുന്നു.
കീര്‍ത്തി നഗറില്‍ ബാര്‍ബര്‍ ഷോപ്പ് നടത്തുന്ന സല്‍മാന്‍ എന്ന യുവാവുമൊത്താണ് പെണ്‍കുട്ടി ഒളിച്ചോടിയത്. ഇത് ലവ്ജിഹാദ് ആണെന്നാണ് ഹിന്ദുത്വരുടെ ആരോപണം. മതം മാറ്റണമെന്ന ഉദ്ദേശത്തോടെ പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയെന്നാണ് ബിജെപി നേതാവ് ലഖ്പത് ഭണ്ഡാരി ആരോപിക്കുന്നത്. പോലിസിനെ അറിയിച്ചെങ്കിലും ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഒളിച്ചോട്ടം നാട്ടില്‍ ചര്‍ച്ചയായതോടെ കീര്‍ത്തിനഗറില്‍ നിന്ന് ജഖാനി പ്രദേശത്തേക്ക് ഹിന്ദുത്വര്‍ പ്രകടനം നടത്തി. പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിച്ച ഈ ജാഥയിലാണ് കടകള്‍ ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ മതംമാറല്‍ നിരോധന നിയമപ്രകാരം അടക്കം കേസെടുത്തതായി തെഹ്‌രി എസ്പി ജെ ആര്‍ ജോഷി പറഞ്ഞു. സല്‍മാനും സുഹൃത്തിനുമെതിരേയാണ് കേസ്. പ്രദേശത്ത് സംഘര്‍ഷം ഒഴിവാക്കാന്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉത്തരാഖണ്ഡില്‍ ബിജെപി അധികാരത്തിലെത്തിയ ശേഷം മുസ്‌ലിംകള്‍ക്കെതിരായ അതിക്രമങ്ങള്‍ വ്യാപകമാവുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. 2023ല്‍ മാത്രം ഗുരുതരമായ 43 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. ചമോലി പ്രദേശം ഡിസംബര്‍ 31നകം വിടണമെന്ന് ഹിന്ദുത്വര്‍ മുസ്‌ലിംകള്‍ക്ക് തിട്ടൂരവും നല്‍കിയിട്ടുണ്ട്.