കേരളത്തില്‍ യുപി മാതൃകയില്‍ 'ലൗ ജിഹാദ്' നിയമം കൊണ്ടുവരും: കെ സുരേന്ദ്രന്‍
കോഴിക്കോട്: കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ഉത്തര്‍ പ്രദേശ് മാതൃകയില്‍ 'ലൗ ജിഹാദ്' നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. യുഡിഎഫും എല്‍ഡിഎഫും ലൗ ജിഹാദ് നിയമം കൊണ്ടുവരാന്‍ തയ്യാറുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് അധികാരം ലഭിച്ചാല്‍ എല്ലാ ദേവസ്വം ബോര്‍ഡുകളും പിരിച്ചുവിടും. രാഷ്ട്രീയക്കാരെ ഒഴിവാക്കി വിശ്വാസികളെ ഭരണം ഏല്‍പ്പിക്കും. ക്ഷേത്രങ്ങളെ സര്‍ക്കാറിന്റെ അധീനതയില്‍ കൊണ്ടുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന നീക്കങ്ങളാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ തകരാന്‍ കാരണം. വിശ്വാസികളുടെ കാര്യത്തില്‍ പ്രസ്താവനകള്‍ കൊണ്ട് കാര്യമില്ല. നടപടികളാണ് വേണ്ടത്. ശബരിമല കാലത്ത് വിശ്വാസികള്‍ക്കെതിരേ എടുത്ത എല്ലാ കേസുകളും പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവണം. ശബരിമല പ്രക്ഷോഭ സമയത്ത് യുഡിഎഫ് നേതാക്കള്‍ മാളത്തിലൊളിച്ചു. കോണ്‍ഗ്രസിന്റെ ഒരു നേതാവും സമരത്തില്‍ തങ്ങള്‍ക്കൊപ്പമില്ലായിരുന്നു. ശബരിമല വിഷയത്തില്‍ ഉമ്മന്‍ ചാണ്ടി ക്രൂരമായ നിലപാടാണ് സ്വീകരിച്ചത്. ഒരു പ്രസ്താവന പോലും ഇറക്കിയില്ല. ഹിന്ദുക്കളുടെ കാര്യമായതിനാല്‍ അവര്‍ എന്തുവേണമെങ്കിലും ആയിക്കോട്ടെയെന്ന നിലപാടായിരുന്നു ഉമ്മന്‍ചാണ്ടിക്കെന്നും സുരേന്ദ്രന്‍ പറഞ്ഞു.
'Love Jihad' law will be introduced in Kerala: K Surendran