'ലൗ ജിഹാദ്' നിയമനിര്‍മാണം സാമൂഹിക വിദ്വേഷം വളര്‍ത്തുന്നത്; വിമര്‍ശനവുമായി എന്‍ഡിഎ ഘടകകക്ഷി ജെഡിയു

Update: 2020-12-28 09:18 GMT

പട്‌ന: 'ലൗ ജിഹാദ്' വിവാഹങ്ങള്‍ നിയന്ത്രിക്കാനെന്ന പേരില്‍ വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ നടത്തിയ നിയമനിര്‍മാണത്തിനെതിരേ എന്‍ഡിഎ സഖ്യത്തിനുള്ളില്‍ നിന്നുതന്നെ പ്രതിഷേധം. ബീഹാറില്‍ എന്‍ഡിഎയുടെ മുഖ്യ സഖ്യകക്ഷിയായ ജനതാദള്‍ യുണൈറ്റഡാണ് വിമര്‍ശനവുമായി രംഗത്തുവന്നത്. ഇത്തരം നിയമങ്ങള്‍ സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കുമെന്നും സാമൂഹിക ഘടനയില്‍ വിള്ളലുകളുണ്ടാക്കുമെന്നും ജെഡിയു നേതാവ് കെ സി ത്യാഗി ആരോപിച്ചു.

പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള അവകാശം ഡോ. രാം മനോഹര്‍ ലോഹ്യയുടെ കാലം മുതല്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ സോഷ്യലിസ്റ്റുകളുടെ സൈദ്ധാന്തികനാണ് ഡോ. രാം മനോഹര്‍ ലോഹ്യ.

ബിജെപി നേതൃത്വം നല്‍കുന്ന മധ്യപ്രദേശ് സര്‍ക്കാര്‍ കഴിഞ്ഞ ശനിയാഴ്ച 'ലൗജിഹാദി'നെതിരേ നിയമം പാസ്സാക്കിയിരുന്നു. അവിടത്തെ നിയമമനുസരിച്ച് മതംമാറ്റത്തിന് പത്ത് വര്‍ഷം തടവും ഒരു ലക്ഷം പിഴയും നല്‍കേണ്ടിവരും. യുപിയിലും ഇതുപോലെ 'ലൗജിഹാദി'നെതിരേ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിട്ടുണ്ട്.

മുസ് ലിം ആണ്‍കുട്ടികള്‍ പെണ്‍കുട്ടികളെ വിവാഹം കഴിക്കുകയോ പ്രണയത്തിലാവുകയോ ചെയ്യുന്നതിനെയാണ് വലത്പക്ഷ മാധ്യമങ്ങള്‍ 'ലൗ ജിഹാദ്' എന്ന് ആരോപിക്കുന്നത്.

Tags:    

Similar News