ലൗ ജിഹാദ്:സിപിഎമ്മിന് ഒരു രേഖയുമില്ലെന്ന് എം ബി രാജേഷ്

Update: 2022-04-13 07:17 GMT

തിരുവനന്തപുരം:ലൗ ജിഹാദ് വിഷയത്തില്‍ ജോര്‍ജ് എം തോമസിന്റെ നിലപാട് തള്ളി സ്പീക്കര്‍ എം ബി രാജേഷ്.ലൗ ജിഹാദ് സംബന്ധിച്ച് ജോര്‍ജ് എം തോമസ് പറയുന്നത് പോലെ സിപിഎമ്മിന് ഒരു രേഖയുമില്ലെന്ന് എം ബി രാജേഷ് പറഞ്ഞു.

താന്‍ ഇപ്പോഴും സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത ആളാണ്. ജോര്‍ജ് എം തോമസ് പറഞ്ഞത് പോലെ ലൗ ജിഹാദ് സംബന്ധിച്ച് ഒരു രേഖയില്ലായെന്ന് തനിക്ക് ഉറപ്പായും പറയാന്‍ കഴിയുമെന്ന് എം ബി രാജേഷ് പറഞ്ഞു.ബാക്കി കാര്യങ്ങള്‍ സിപിഎം നേതാക്കളോടാണ് ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ജോര്‍ജ് എം തോമസിനെ തള്ളി ഡിവൈഎഫ്‌ഐയും രംഗത്തെത്തി. ലൗ ജിഹാദ് എന്നത് നിര്‍മിതമായ കള്ളമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.2019 വരെയുള്ള കണക്കുകള്‍ പരിശോധിച്ച് ലൗ ജിഹാദ് എന്നൊന്ന് ഇല്ലെന്ന് നിയമസഭയ്ക്കകത്ത് തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. വിവിധ ജാതിയിലും മതത്തിലുമുള്ളവര്‍ പ്രണയിച്ച് വിവാഹം കഴിക്കുന്നതിനെ ലൗ ജിഹാദിന്റെ പരിഗണനയില്‍പ്പെടുത്തേണ്ടതില്ല. പ്രായപൂര്‍ത്തിയായ രണ്ട് പേരുടെ വിവാഹമെന്നത് തീര്‍ത്തും അവരുടെ മാത്രം സ്വകാര്യമായ വിഷയമാണ്. ജാതിമതസാമ്പത്തികലിംഗ ഭേദമില്ലാതെ പരസ്പരം പ്രണയിക്കുകയും ഒന്നിച്ചു ജീവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് ഡിവൈഎഫ്‌ഐയുടെ പ്രഖ്യാപിത നിലപാടെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

Tags:    

Similar News