ലൗ ജിഹാദേ, അതെന്താണ്?: ആരോപണങ്ങളെ ചിരിച്ചുതള്ളി ദേശീയ ന്യൂനപക്ഷ കമ്മീഷന്‍
ന്യൂഡല്‍ഹി: രാജ്യത്ത് ലൗ ജിഹാദ് ഇല്ലെന്നും ലൗ ജിഹാദ് എന്ന പദം ഉപയോഗിക്കുന്നതിനെതിരേയും വിയോജിപ്പ് പ്രകടിപ്പിച്ച് ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ ഇഖ്ബാല്‍ സിങ് ലാല്‍പുര. രാജ്യത്ത് മിശ്രവിഹാഹം കഴിക്കുന്നതിന് വിലക്കുകളൊന്നുമില്ലന്നും ഒരു സമുദായ് മതംമാറ്റാന്‍ വേണ്ടി ചതിയില്‍പെടുത്തി വിവാഹം കഴിക്കുന്നുവെന്ന ആരോപണം നിലനില്‍ക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കമ്മീഷന് ഇത് സംബന്ധിച്ച ചില പരാതികള്‍ ലഭിച്ചിട്ടുണ്ട്. ആവശ്യമെങ്കില്‍ നേരിട്ട് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെ മക്കളെ ഇതരമതക്കാര്‍ വലവീശിപ്പിടിക്കുന്നുവെന്നാണ് രക്ഷിതാക്കളുടെ പരാതി.
എന്താണ് ലൗ ജിഹാദ്? അങ്ങനെയൊരു പദം നിഖണ്ഡുവിലില്ല. കേരളത്തില്‍ ബിജെപി നടത്തുന്ന പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ഒരു സമുദായം ഇത്തരം കാരണങ്ങള്‍ക്കൊണ്ട് വിവാഹം കഴിക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയത്. താന്‍ ബിജെപിയുടെ വക്താവല്ലെന്നും അവര്‍ക്കുമാത്രമേ കാരണം പറയാനാവു എന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ഇഷ്ടപ്രകാരം ആര്‍ക്കുവേണമെങ്കിലും മതംമാറി വിവാഹം കഴിക്കാം. അതിനുള്ള അവകാശം ഇന്ത്യയിലുണ്ട്. ഇത്തരം ചില പരാതികള്‍ ലഭിച്ചത് അന്വേഷിച്ചപ്പോള്‍ അതില്‍ ശരിയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അത് ഉറപ്പുവരുത്താന്‍ കമ്മീഷന്‍ സംസഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം അത് സമുദായത്തിന്റെ തീരുമാനപ്രകാരമാണെന്ന വാദമാണ് അദ്ദേഹം തള്ളിയത്.
ഇത്തരം പരാതിയുണ്ടെങ്കില്‍ അവരുമായി ആശയവിനിമയം നടത്താന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.