ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി പുതിയ കരസേനാ മേധാവി; ജൂൺ 30ന് ചുമതലയേല്ക്കും

Update: 2024-06-12 10:43 GMT

ന്യൂഡല്‍ഹി: കരസേനാ മേധാവിയായി ലഫ്റ്റനന്റ് ജനറല്‍ ഉപേന്ദ്ര ദ്വിവേദി ജൂണ്‍ 30ന് ചുമതലയേല്ക്കും. നിലവില്‍ കരസേനാ ഉപമേധാവിയാണ് അദ്ദേഹം.മനോജ് സി പാണ്ഡെ ചുമതല ഒഴിയുന്ന സാഹചര്യത്തിലാണ് നിയമനം. രാജ്യത്തിന്റെ 30ാമത്തെ കരസേനാ മേധാവിയായാണ് ഉപേന്ദ്ര ദ്വിവേദി ചുമതലയേല്‍ക്കുക. 40 വര്‍ഷത്തെ സേവനത്തിനിടയില്‍ ഇന്ത്യന്‍ സൈന്യത്തില്‍ കമാന്‍ഡ് ഓഫ് റെജിമെന്റ് (18 ജമ്മു കശ്മീര്‍ റൈഫിള്‍സ്), ബ്രിഗേഡ് (26 സെക്ടര്‍ അസം റൈഫിള്‍സ്), ഡിഐജി, അസം റൈഫിള്‍സ് (ഈസ്റ്റ്), 9കോര്‍പ്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. കരസേനാ ഉപമേധാവിയായി നിയമിക്കപ്പെടുന്നതിന് മുമ്പ് 2022 മുതല്‍ 2024 വരെ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ ഡയറക്ടര്‍ ജനറല്‍ ഇന്‍ഫന്‍ട്രി, ജനറല്‍ ഓഫിസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് എന്നിവയുള്‍പ്പെടെ പ്രധാനപ്പെട്ട പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. 

സൈനിക ബഹുമതികളായ പരം വിശിഷ്ട് സേവാ മെഡലും അതി വിശിഷ്ട് സേവാ മെഡലും ലഫ്റ്റനന്റ് ജനറല്‍ ദ്വിവേദി നേടിയിട്ടുണ്ട്. 1984 ഡിസംബര്‍ 15 ന് ഇന്ത്യന്‍ കരസേനയുടെ ഇന്‍ഫന്ററി റെജിമെന്റായ ജമ്മു കശ്മീര്‍ റൈഫിലൂടെയാണ് അദ്ദേഹം സൈന്യത്തിന്റെ ഭാഗമായത്. സൈനിക് സ്‌കൂള്‍ രേവ, നാഷണല്‍ ഡിഫന്‍സ് കോളേജ്, യുഎസ് ആര്‍മി വാര്‍ കോളേജ് എന്നിവിടങ്ങളിളിലായിരുന്നു അദ്ദേഹത്തിന്റെ വിദ്യാഭ്യാസം.

Tags:    

Similar News