ജുഡീഷ്യല്‍ തീരുമാനങ്ങളുടെ അടിസ്ഥാനം മതവിശ്വാസമല്ല, വസ്തുതകളും തെളിവുകളും ആയിരിക്കണം: എസ്ഡിപിഐ
വിധികര്‍ത്താക്കള്‍ തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുമ്പോള്‍ കൂടുതല്‍ വിവേകവും പക്വതയും കാണിക്കണമെന്നും ഇല്യാസ് തുംബെ കൂട്ടിച്ചേര്‍ത്തു.
ന്യൂഡല്‍ഹി: ബാബരി മസ്ജിദ് വിധി ദൈവീക ഇടപെടലിന്റെ ഫലമാണെന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പരാമര്‍ശത്തില്‍ എസ്ഡിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുംബെ ആശങ്ക രേഖപ്പെടുത്തി. ജുഡീഷ്യല്‍ തീരുമാനങ്ങള്‍ വസ്തുതകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലായിരിക്കണം. അല്ലാതെ ഒരാളുടെ മതവിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ ആവരുതെന്നും അദ്ദേഹം പറഞ്ഞു.
ബാബരി മസ്ജിദ് തര്‍ക്കം തീര്‍പ്പുകല്‍പ്പിക്കാന്‍ പ്രയാസമുള്ള കേസായിരുന്നെന്നും പരിഹാരത്തിനായി ദൈവത്തോട് പ്രാര്‍ത്ഥിച്ചെന്നും പൂനെയില്‍ നടന്ന ഒരു പരിപാടിയില്‍ ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. നീതിയുടെ തത്വത്തേക്കാള്‍ വിശ്വാസങ്ങളാണ് വിധിയെ സ്വാധീനിച്ചതെന്ന് അദ്ദേഹത്തിന്റെ പ്രസ്താവന അസന്ദിഗ്ധമായി വ്യക്തമാക്കുന്നു.
വിധി പ്രസ്താവിക്കുമ്പോള്‍ വസ്തുതകള്‍ക്കും തെളിവുകള്‍ക്കുമപ്പുറം തങ്ങളുടെ വിശ്വാസങ്ങളാണ് ജഡ്ജിയെ സ്വാധീനിക്കുന്നതെങ്കില്‍,ഇരകളാക്കപ്പെടുന്നവര്‍ക്ക് തങ്ങളുടെ കേസുകളില്‍ ലഭിക്കുന്നത് തികഞ്ഞ അനീതിയായിരിക്കും. ജുഡീഷ്യല്‍ ഉദ്യോഗസ്ഥര്‍ ഒഴുക്കിനൊപ്പം നീന്താന്‍ ശ്രമിക്കുന്നത് സങ്കടകരമാണ്. വിധികര്‍ത്താക്കള്‍ തങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും നിര്‍വഹിക്കുമ്പോള്‍ കൂടുതല്‍ വിവേകവും പക്വതയും കാണിക്കണമെന്നും ഇല്യാസ് തുംബെ കൂട്ടിച്ചേര്‍ത്തു.