കൊച്ചിയില്‍ ശ്വാസകോശ രോഗി മരിച്ചു; വിഷപ്പുക നില വഷളാക്കിയെന്ന് ബന്ധുക്കള്‍
കൊച്ചി: എറണാകുളം വാഴക്കാലയില്‍ ശ്വാസകോശ രോഗി മരിച്ചു. പട്ടത്താനത്ത് വീട്ടില്‍ ലോറന്‍സ് ജോസഫ് (70) ആണ് മരിച്ചത്. ബ്രഹ്മപുരം തീപ്പിടിത്തത്തെ തുടര്‍ന്നുണ്ടായ പുകശല്യം മൂലമാണ് രോഗിയുടെ നില വഷളായതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. കഴിഞ്ഞ ബുധനാഴ്ചയ്ക്ക് ശേഷമാണ് ശ്വാസകോശ രോഗിയായ ലോറന്‍സിന്റെ രോഗം മൂര്‍ച്ഛിച്ചതെന്നും ബന്ധുക്കള്‍ പറഞ്ഞു. രാത്രിയില്‍ വലിയ ദുര്‍ഗന്ധമാണുള്ളതെന്നും ഈ സമയത്ത് ലോറന്‍സിന് ശ്വാസതടസ്സമുണ്ടായെന്നും അദ്ദേഹത്തിന്റെ ഭാര്യ പറഞ്ഞു.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഇന്നലെ വൈകീട്ടാണ് ലോറന്‍സ് മരിച്ചത്. നവംബര്‍ മുതലാണ് ശ്വാസകോശ രോഗം തുടങ്ങിയത്. കഴിഞ്ഞ ഒരാഴ്ചയായി രോഗം മൂര്‍ച്ഛിച്ചതായി ബന്ധുക്കള്‍ ആരോപിച്ചു. കഴിഞ്ഞദിവസം ആശുപത്രിയില്‍ പോയി ചികിത്സ തേടി. വീട്ടില്‍ തിരിച്ചെത്തിയിട്ടും ശ്വാസ തടസം അനുഭവപ്പെടുന്നുണ്ടായിരുന്നു. ഓക്‌സിജന്‍ ലെവല്‍ താഴുന്ന സാഹചര്യവുമുണ്ടായിരുന്നു. ലോറന്‍സിന്റെ മരണം വിഷപ്പുക മൂലമെന്ന് കരുതുന്നുവെന്ന് ഹൈബി ഈഡന്‍ എംപിയും പ്രതികരിച്ചു. ഒരാഴ്ചയായി ശ്വാസതടസം അനുഭവപ്പെട്ടയാളാണ് മരിച്ചത്. ഇക്കാര്യം കേന്ദ്ര ആരോഗ്യമന്ത്രിയെ അറിയിച്ചെന്നും ഹൈബി ഈഡന്‍ അറിയിച്ചു.