മധു വധക്കേസ്;ഒരു സാക്ഷി കൂടി കൂറുമാറി

29ാം സാക്ഷി സുനില്‍ കുമാറാണ് കോടതിയില്‍ മൊഴി മാറ്റിയത്.ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി

Update: 2022-09-14 07:19 GMT

പാലക്കാട്: മധു വധക്കേസില്‍ ഒരു സാക്ഷി കൂടി കൂറുമാറി.29ാം സാക്ഷി സുനില്‍ കുമാറാണ് കോടതിയില്‍ മൊഴി മാറ്റിയത്.ഇതോടെ വിചാരണയ്ക്കിടെ കൂറുമാറിയ സാക്ഷികളുടെ എണ്ണം 15 ആയി.

മധുവിനെ പ്രതികള്‍ പിടിച്ചു കൊണ്ട് വരുന്നത് കണ്ടെന്നും,പ്രതികള്‍ കള്ളന്‍ എന്നു പറഞ്ഞ് മധുവിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കണ്ടെന്നുമായിരുന്നു സുനില്‍ കുമാറിന്റെ മൊഴി.ഈ മൊഴിയാണ് സുനില്‍ കുമാര്‍ കോടതിയില്‍ മാറ്റി പറഞ്ഞത്.

ഇന്നലെ ഇരുത്തിയേഴാം സാക്ഷിയായ സെയ്തലവി കൂറുമാറിയിരുന്നു. അതേസമയം വിജയകുമാര്‍,രാജേഷ് എന്നീ രണ്ട് സാക്ഷികള്‍ ഇന്നലെ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കുകയും ചെയ്തിരുന്നു.

പ്രതികള്‍ സാക്ഷികളെ സ്വാധീനിച്ചതിലൂടെ ഹൈക്കോടതി അനുവദിച്ച ജാമ്യ ഉപാധി ലംഘിച്ചെന്ന് കാട്ടി പ്രോസിക്യൂഷന്‍ നേരത്തെ മണ്ണാര്‍ക്കാട് എസ്‌സി എസ്ടി കോടതിയെ സമീപിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി പ്രതികളുടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു. കേസിലെ പതിനാറില്‍ 12 പ്രതികളുടെ ജാമ്യമാണ് മണ്ണാര്‍ക്കാട് എസ്‌സിഎസ്ടി കോടതി റദ്ദാക്കിയത്. പിന്നീട് ഹൈക്കോടതി ഈ ഉത്തരവ് സ്‌റ്റേ ചെയ്തു. പ്രതികള്‍ക്ക് ജാമ്യം നല്‍കിയ ഹൈക്കോടതി വിധി പുനപരിശോധിക്കാനോ തിരുത്താനോ കീഴ്‌ക്കോടതികള്‍ക്ക് അനുവാദമില്ലെന്ന് ചൂണ്ടികാട്ടിയിരുന്നു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നടപടി.

2018 ഫെബ്രുവരി 22നാണ് കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച മധുവിന്റെ കൊലപാതകം നടന്നത്. മാനസിക അസ്വാസ്ഥ്യമുള്ള അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. മോഷണക്കുറ്റം ആരോപിച്ച് കെട്ടിയിട്ട് മധുവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു.


Tags:    

Similar News