ലൈംഗിക ബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായപരിധി 16 വയസ്സാക്കാന്‍ നീക്കം
ചെന്നൈ: പരസ്പര സമ്മതത്തോടെ ലൈംഗീകബന്ധത്തിലേര്‍പ്പെടാനുള്ള കുറഞ്ഞ പ്രായപരിധി 16ലേയ്ക്ക് താഴ്ത്താന്‍ നീക്കം. ലൈംഗികബന്ധത്തിന് നിയമപ്രകാരം സമ്മതം നല്‍കാനുള്ള കുറഞ്ഞ പ്രായം 18ല്‍ നിന്നും 16 വസസ്സാക്കാന്‍ പരിഗണിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയാണ് നിരീക്ഷിച്ചത്. 16നും 18നും ഇടയില്‍ പ്രായമുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോക്‌സോ നിയമത്തിന്റെ പരിധിയില്‍ വരരുതെന്നും കുട്ടി എന്ന നിര്‍വചനം 16 വയസ്സുവരെയുള്ളവര്‍ക്ക് മതിയെന്നുമാണ് കോടതിയുടെ നിരീക്ഷണം. 16 വയസ്സ് പിന്നിട്ടവരുടെ പരസ്പര സമ്മതത്തോടെയുള്ള ശാരീരികബന്ധങ്ങള്‍ പോക്‌സോയില്‍ നിന്ന് ഒഴിവാക്കണമെന്നും കൗമാരക്കാരുടെ ശാരീരികബന്ധങ്ങളും ലൈംഗികാതിക്രമവും വെവ്വേറെ കാണണമെന്നും ജസ്റ്റിസ് പി പാര്‍ത്ഥിപന്‍ നിരീക്ഷിച്ചു. പോക്‌സോ നിയമപ്രകാരം നാമക്കല്‍ മഹിളാ കോടതി 10 വര്‍ഷം തടവിനും 3000 രൂപ പിഴയും ശിക്ഷിച്ച ഒരാളുടെ ഹരജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിരീക്ഷണം.
ഹരജിക്ക് ആസ്പദമായ കേസില്‍ പെണ്‍കുട്ടിക്ക് 18 വയസ്സിന് താഴെയാണ് പ്രായം. പരസ്പര സമ്മതത്തോടെയാണ് ശാരീരികബന്ധം നടന്നതെങ്കിലും പോക്‌സോ നിയമപ്രകാരം ഏഴ് മുതല്‍ 10 വര്‍ഷം വരെ പ്രതിക്ക് ശിക്ഷ ലഭിക്കാം. എന്നാല്‍ യഥാര്‍ഥ സാമൂഹികാവസ്ഥ മനസ്സിലാക്കി ശൈശവം എന്ന നിര്‍വചനം മാറ്റേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.