പരപ്പനങ്ങാടി: മദ്രസ്സ വിദ്യാര്‍ത്ഥിയെ ആക്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രതിഷേധ പ്രകടനം നടത്തി. ചെട്ടിപ്പടി കുപ്പിവളവില്‍ ബുധനാഴ്ച രാവിലെയാണ് മദ്രസ്സ കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ചെമ്മല റഷീദിന്റെ മകന് ഖാജയെ ആര്‍എസ്സ്എസ് പ്രവര്‍ത്തകനായ തുന്നര് കണ്ടി രാമനാഥന് അടിച്ച് പരിക്കേല്‍പ്പിച്ചത്. അക്രമിക്കെതിരേ പരപ്പനങ്ങാടി പോലിസില്‍ പരാതി നല്കി.
ഉത്തരേന്ത്യന്‍ രീതിയില്‍ ഭീതിപരത്തി ഭയപെടുത്താനുള്ള നീക്കമാണ് ഇത്തരം സംഭവത്തിലൂടെ പുറത്ത് വരുന്നതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. നേരത്തെ ബാബരി പള്ളി തകര്‍ക്കാന്‍ കര്സേവക്കടക്കം പങ്കെടുത്ത തുന്നര്കണ്ടി രാമനാഥനെ വെള്ളപൂശി സംഘ് പ്രവര്ത്തകനല്ലന്ന് വരുത്തി തീര്‍ക്കാനും സംഭവത്തെ നിസ്സാരവത്കരിക്കാനുമുള്ള പോലിസിന്റെ ശ്രമം അപകടകരമാണന്നും കുറ്റവാളിയെ ജയിലിലടക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപെട്ടു.
പ്രതിക്ക് സംഘ് പരിവാറുമായി ബന്ധമില്ലെന്ന തരത്തിലുള്ള പ്രചാരണം ശക്തമാവുന്നതിനിടെ ബിജെപി നേതാക്കള്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ കുട്ടിയുടെ വീട്ടിലെത്തിയതായി ബന്ധുക്കള്‍ പറഞ്ഞു.
പ്രതിഷേധ പ്രകടനത്തിന് മുന്‍സിപ്പല്‍, ബ്രാഞ്ച് ഭാരവാഹികള്‍ നേതൃത്വം നല്കി.