പാലക്കാട്: പാര്‍ട്ടി പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് പോലിസ് പീഡിപ്പിക്കുന്നതിനെതിരേ എസ്ഡിപിഐ പാലക്കാട് എസ്പി ഓഫിസിന് മുന്നില്‍ പ്രതിഷേധിച്ചു. കഴിഞ്ഞദിവസം പട്ടാമ്പിയിലെ എസ്ഡിപിഐ പ്രവര്‍ത്തകരായ അഷ്‌റഫ് മൗലവി, അലി എന്നിവരെയാണ് പാലക്കാട് പോലിസ് അന്യായമായി ഇന്നലെ ഉച്ചയ്ക്കുശേഷം ജോലി സ്ഥലത്തുനിന്നും വീട്ടുകാരെ പോലും അറിയിക്കാതെ കസ്റ്റഡിയിലെടുത്തുകൊണ്ട് പോയത്.
ഒരുദിവസം കഴിഞ്ഞിട്ടും വിട്ടയക്കാനോ കുടുംബങ്ങളെ കാണിക്കാനോ പോലിസ് തയ്യാറായിട്ടില്ല. രണ്ടുപേരുടെയും ഭാര്യയും മക്കളും ഇന്നലെ രാത്രി മുതല്‍ പോലിസ് സ്‌റ്റേഷനിലാണുള്ളത്. പോലിസിന്റെ നിയമവിരുദ്ധവും അന്യായവും മനുഷ്യത്വവിരുദ്ധവുമായ ഈ നിലപാട് തുടരുന്നതിനാലാണ് എസ്ഡിപിഐ പ്രതിഷേധിച്ചത്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി നിരപരാധികളായ പാര്‍ട്ടി പ്രവര്‍ത്തകരെ പിടിച്ചുകൊണ്ടുവന്ന് അന്യായമായി പ്രതിയാക്കുന്ന കൃത്യമായ ആര്‍എസ്എസ് അജണ്ടയാണ് പാലക്കാട് പോലിസ് നടപ്പാക്കുന്നതെന്ന് ഈ രാജ്യത്തെ പൊതുസമൂഹം തിരിച്ചറിയണം.
നിയമവിരുദ്ധമായ നയവുമായാണ് പോലിസ് നീങ്ങുന്നത്. കേരളത്തിലെ നിയമവാഴ്ച തകര്‍ക്കുന്ന പാലക്കാട് പോലിസിന്റെ നടപടി അവസാനിപ്പിക്കണം. ഇതിനെതിരേ ജനാധിപത്യപരവും നിയമപരവുമായ നടപടികളും ശക്തമായ സമരപരിപാടികളുമായി പ്രവര്‍ത്തകര്‍ക്ക് നീതി ലഭിക്കും വരെ പാര്‍ട്ടി മുന്നോട്ടുപോവുമെന്ന് പ്രതിഷേധത്തെ അഭിസംബോധന ചെയ്ത് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് ഷെഹീര്‍ ചാലിപ്പുറം പറഞ്ഞു.