കര്‍ണാലിലെ മഹാപഞ്ചായത്ത്; സമരക്കാരെ ചര്‍ച്ചക്ക് വിളിച്ച് ബിജെപി സര്‍ക്കാര്‍

എല്ലാ തടസ്സങ്ങളും മറികടന്ന് കര്‍ണാലിലെ മാര്‍ക്കറ്റിലേക്ക് റാലിക്കായി പതിനായിരക്കണക്കിനു കര്‍ഷകര്‍ എത്തിത്തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്

Update: 2021-09-07 08:47 GMT

ന്യൂഡല്‍ഹി: കര്‍ണാലില്‍ കര്‍ഷകര്‍ ആഹ്വാനം ചെയ്ത മഹാ പഞ്ചായത്ത് വന്‍ വിജയമാകുമെന്ന ഘട്ടമെത്തിയപ്പോള്‍ അനുനയ നീക്കവുമായി ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍. കര്‍ഷക നേതാക്കളെ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചു. നേരത്തെ റോഡ് ബ്ലോക്ക് ചെയ്യുകയും പ്രദേശത്തെ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്ത് സര്‍ക്കാര്‍ പ്രതികാര നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ എല്ലാ തടസ്സങ്ങളും മറികടന്ന് കര്‍ണാലിലെ മാര്‍ക്കറ്റിലേക്ക് റാലിക്കായി പതിനായിരക്കണക്കിനു കര്‍ഷകര്‍ എത്തിത്തുടങ്ങിയതോടെയാണ് സര്‍ക്കാര്‍ നിലപാട് മാറ്റിയത്.

മഹാപഞ്ചായത്ത് നടക്കുന്ന കര്‍ണാലില്‍ ഹരിയാന പൊലീസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അതേസമയം സമരം സമാധാനപരമായിരിക്കണമെന്നും അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകരുതെന്നും കര്‍ഷക നേതാക്കള്‍ അനുയായികളോട് ആഹ്വാനം ചെയ്തു.

ഹരിയാനക്ക് പിന്നാലെ സമീപ സംസ്ഥാനമായ രാജസ്ഥാനിലും കിസാന്‍ മഹാ പഞ്ചായത്ത് പ്രഖ്യാപിച്ചിരിക്കുകയാണ് കിസാന്‍ മോര്‍ച്ച. ഈ മാസം 15നാണ് ഇവിടെ മഹാ പഞ്ചായത്ത് നടത്തുക. ഛത്തീസ്ഗഡിലും സമരം നടത്തും. ഈ മാസം 29നാണ് മഹാ പഞ്ചായത്ത്. കര്‍ണാലിലെ മിനി സെക്രട്ടറിയേറ്റ് ഉപരോധിക്കാനുള്ള നീക്കത്തിലാണ് കര്‍ഷക സംഘടനകള്‍.


Tags:    

Similar News