മഹാരാജാസ് കാംപസിലെ റാഗിങ്: എസ്എഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് കാംപസ് ഫ്രണ്ട്

Update: 2021-03-15 16:13 GMT

എറണാകുളം: മഹാരാജാസ് കാംപസില്‍ തുടരുന്ന എസ്എഫ്‌ഐ അക്രമം എതിര്‍ക്കപ്പെടെണമെന്നും ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്ത എസ്എഫ്‌ഐ ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും കാംപസ് ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് സദ്ദാം വാലത്ത്. വര്‍ഷങ്ങളായി കാംപസില്‍ തുടര്‍ന്നു വരുന്ന എസ്എഫ്‌ഐ അതിക്രമങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് ഗുരുതരമാണ്.

ഒന്നാം വര്‍ഷ മലയാള ബിരുദ വിദ്യാര്‍ത്ഥിയായ റോബിന്‍സനെയാണ് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അഖില്‍ പുഷ്പന്റെ നേതൃത്വത്തില്‍ ആക്രമിച്ചത്. ഹോസ്റ്റലില്‍ താമസ സൗകര്യം ഒരുക്കിത്തരാമെന്ന വ്യാജേനയാണ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ ആദര്‍ശ്, ജെറിന്‍ എന്നിവര്‍ റോബിന്‍സനെ കൂട്ടിക്കൊണ്ടുപോയത്. എസ്എഫ്‌ഐയോട് ചേര്‍ന്നുനില്‍ക്കാത്ത വിദ്യാര്‍ത്ഥികളെ നിരന്തരമായ അക്രമങ്ങള്‍ക്ക് വിധേയമാക്കുന്നതിന്റെ ഒടുവിലത്തെ ഇരയാണ് റോബിന്‍സന്‍. രണ്ട് ദിവസമായി കടവന്ത്ര ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലിസ് മൗനം പാലിക്കുകയാണ്.

കുറ്റക്കാരായ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കോളേജില്‍ നിന്ന് പുറത്താക്കണമെന്നും എസ്എഫ്‌ഐ അല്ലാത്തവരെ മര്‍ദ്ദിക്കുന്ന സ്റ്റാലിനിസ്റ്റ് നിലപാട് വിദ്യാര്‍ത്ഥികള്‍ ഒന്നടങ്കം എതിര്‍ക്കണമെന്നും എസ്എഫ്‌ഐയുടെ അക്രമ രാഷ്രീയത്തിനെതിരെ ജനകീയ പ്രതിഷേധം ഉണ്ടാവണമെന്നും സദ്ദാം വാലത്ത് ആവശ്യപ്പെട്ടു.

പരിക്കേറ്റ വിദ്യാര്‍ത്ഥിയെ സദ്ദാം വാലത്തിന്റെ നേതൃത്വത്തില്‍ സന്ദര്‍ശിച്ചു. ജില്ലാ സെക്രട്ടറി തൗഫീഖ് മുഹമ്മദ്, ജില്ലാ കമ്മിറ്റി അംഗം നായിഫ് പാലിയത്ത് എന്നിവര്‍ കൂടെ ഉണ്ടായിരുന്നു.

Tags:    

Similar News