വികാസ് ദുബെയുടെ കൂട്ടാളികള്‍ മഹാരാഷ്ട്രയില്‍ അറസ്റ്റില്‍; ഏറ്റുമുട്ടല്‍ കൊലയില്‍ മജിസ്റ്റീരിയല്‍ അന്വേഷണം
വികാസ് ദുബെയുടെ ഉറ്റ സഹായിയായ ഗുദ്ദന്‍ ത്രിവേദിയും ഇയാളുടെ ഡ്രൈവര്‍ സുശില്‍കുമാറുമാണ് പിടിയിലായത്.
ലഖ്‌നൗ: ഉത്തര്‍പ്രദേശ് പോലിസ് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ഗുണ്ടാ തലവന്‍ വികാസ് ദുബെയുടെ കൂട്ടാളികള്‍ പിടിയില്‍. കാണ്‍പൂരില്‍ ദുബെയ്‌ക്കൊപ്പം എട്ട് പോലിസുകാരെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പങ്കാളികളാണെന്ന് കരുതുന്നവരാണ് പോലിസ് പിടിയിലായത്.
വികാസ് ദുബെയുടെ ഉറ്റ സഹായിയായ ഗുദ്ദന്‍ ത്രിവേദിയും ഇയാളുടെ ഡ്രൈവര്‍ സുശില്‍കുമാറുമാണ് പിടിയിലായത്. ആക്രമണത്തിന് ശേഷം മഹാരാഷ്ട്രയിലേക്ക് കടന്ന ഇരുവരെയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയാണ് പിടികൂടിയത്. സംഭവത്തിന് ശേഷം മധ്യപ്രദേശില്‍ നിന്നും പിടിയിലായ വികാസ് ദുബെയെ കോടതിയില്‍ ഹാജരാക്കിയ ശേഷം കാണ്‍പൂരിലേക്ക് കൊണ്ട് വരുന്ന വഴിയാണ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്.വികാസ് ദുബെയെ പോലെ തന്നെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് പിടിയിലായ ത്രിവേദിയും. ദുബെക്കൊപ്പം 2001ല്‍ പോലിസ് സ്‌റ്റേഷനില്‍ വെച്ച് മന്ത്രി സന്തോഷ് ശുക്ലയെ കൊലപ്പെടുത്തിയ കേസിലെ കൂട്ടുപ്രതിയാണ് ത്രിവേദി.
അതേസമയം, വികാസ് ദുബെ കൊല്ലപ്പെട്ട കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ മജിസ്റ്റീരിയല്‍ അന്വേഷണത്തിനൊരുങ്ങി സര്‍ക്കാര്‍. ദുബെയുടെ സാമ്പത്തിക ഇടപാടുകള്‍ കേന്ദ്രീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സുപ്രിം കോടതി മാര്‍ഗ നിര്‍ദേശ പ്രകാരം പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടാല്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടത്തേണ്ടതുണ്ട്. ഇതുപ്രകാരമാണ് യുപി സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിടുക. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 119 പേരെ 'ഏറ്റുമുട്ടലി'ലൂടെ യുപി പോലിസ് കൊലപ്പടുത്തിയിട്ടുണ്ട്.