മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടക വസ്തുവുമായെത്തിയ കാറിന്റെ ഉടമയുടെ ആത്മഹത്യ; അന്വേഷണം മഹാരാഷ്ട്ര എടിഎസ്സിന്

Update: 2021-03-06 06:07 GMT

മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ വീടിനു മുന്നില്‍ സ്‌ഫോടകവസ്തു നിറച്ച് ഉപേക്ഷിച്ച കാറിന്റെ ഉടമ ആത്മഹത്യ ചെയ്ത കേസിന്റെ അന്വേഷണം മഹാരാഷ്ട്ര ആന്റി ടെററിസം സ്‌ക്വാഡിന്. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

''ഉടമയുടെ മൃതദേഹം ഇന്ന് മുംബ്രയില്‍ നിന്നാണ് കണ്ടെത്തിയത്. മരണകാരണം കൃത്യമായി മനസ്സിലാവണമെങ്കില്‍ പോസ്റ്റ്‌മോര്‍ട്ടം കഴിയണം. അത് സാങ്കേതികവിദഗ്ധരുടെ ഒരു സംഘമാണ് ചെയ്യുക. എല്ലാ അന്വേഷണവും എടിഎസ്സിന് കൈമാറിക്കഴിഞ്ഞു''- ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ് മാധ്യമങ്ങളോട് വെളളിയാഴ്ച പറഞ്ഞിരുന്നു.

''കാറിന്റെ ഉടമയായ മന്‍സുഖ് ഹിരണ്‍ന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്നാണ് നടന്നത്. കണ്ടെത്തിയ വിവരങ്ങള്‍ പിന്നീട് കൈമാറും'' ഡിസിപി അവിനാഷ് അംബൂര്‍ പറഞ്ഞു.

മംബ്രയിലെ റെട്ടിബുന്‍ഡൂരിലെ ഒരു ഓവുചാലിനരികെ അജ്ഞാതനായ ഒരാളുടെ മൃതദേഹം കണ്ടെത്തിയെന്ന് കഴിഞ്ഞ ആഴ്ച മഹാരാഷ്ട്ര പോലിസ് അറിയിച്ചിരുന്നു. മരിച്ചത് കാറിന്റെ ഉടമ മന്‍സുഖ് ഹിരണ്‍ ആണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. താനെ സ്വദേശിയായ ഹിരണ്‍ന്റെ കാറാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്‍ഡിലയ്ക്ക് മുന്നില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഹിരണ്‍ന്റെ മരണം ആത്മഹത്യയാണെന്നാണ് കരുതുന്നത്.

കാറില്‍ നിന്ന് മുകേഷ് അംബാനിയെയും ഭാര്യയെയും വധിക്കുമെന്ന് മോശം ഇംഗ്ലീഷില്‍ എഴുതിയ ഒരു ഭീഷണിക്കത്തും പോലിസ് കണ്ടെടുത്തു. വീടിനരികെ കാറ് നിര്‍ത്തിയിടുന്ന സിസിടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ കാറുമായി എത്തിയ ആള്‍ മാസ്‌ക് ധരിച്ചിരിക്കുന്നതിനാല്‍ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല.

അംബാനിയുടെ വീടിനരികെ സുരക്ഷാസൈനികരെ വിന്യസിപ്പിച്ചിട്ടുണ്ട്.

Tags:    

Similar News