ലോക്ഡൗണില്‍ 5000 വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യധാന്യ കിറ്റുകള്‍: അന്‍ജുമന്‍ ഖൈറുല്‍ ഇസ്‌ലാമിന് മഹാരാഷ്ട്ര ഗവര്‍ണറുടെ അഭിനന്ദനം
നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് മതിയായ എല്ലാ പലചരക്ക് സാധനങ്ങളുമുള്ള കിറ്റാണ് നല്‍കിയത്.
മുംബൈ: കൊവിഡ് കാലത്ത് ലോക്ഡൗണില്‍ പട്ടിണിയിലായ 5000ത്തോളം വിദ്യാര്‍ഥികളുടെ കുടുംബത്തിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യ കിറ്റുകള്‍ എത്തിച്ച് മാതൃകയായ മുസ്‌ലിം മാനേജ്‌മെന്റ് എന്‍ജിഒക്ക് മഹാരാഷ്ട്ര ഗവര്‍ണറുടെ അഭിനന്ദനം. മുംബൈയിലെ അന്‍ജുമന്‍ ഖൈറുല്‍ ഇസ്‌ലാം സൊസൈറ്റി അധികൃതരെ ഗവര്‍ണര്‍ ഭഗത് സിംഗ് കോശ്യാരി രാജ്ഭവനിലേക്ക് ക്ഷണിച്ചാണ് അനുമോദനം അറിയിച്ചത്.
സൊസൈറ്റിക്കു കീഴിലുള്ള യതീംഖനയിലും സ്‌കൂളിലുമായി പഠിക്കുന്ന 5000ത്തോളം വിദ്യാര്‍ഥികളുടെ കടുംബത്തിനാണ് എല്ലാ മാസവും റേഷന്‍ കിറ്റുകള്‍ എത്തിച്ചു നല്‍കിയത്. ഇതിനു പുറമെ മഹാബലേശ്വഹില്‍ സ്റ്റേഷനിലെ കുതിരകള്‍, പോണി, പശു, ഒട്ടകങ്ങള്‍ എന്നിവയ്ക്ക് 60 ടണ്‍ കാലിത്തീറ്റയും ഇവര്‍ നല്‍കി. കൊറോണ അണുബാധയെക്കുറിച്ചുള്ള ഭയവും ലോക്ക്ഡൗണും ജനങ്ങളുടെ ദൈനംദിന വേതനം തടഞ്ഞപ്പോള്‍ വീടുകള്‍ പട്ടിണിയിലാകുമെന്ന് കണ്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ഇറങ്ങിയതെന്ന് അന്‍ജുമന്‍ ഖൈറുല്‍ ഇസ്‌ലാം സൊസൈറ്റി ജനറല്‍ സെക്രട്ടറി ഹാനി ഫരീദ് 'മുസ്‌ലിം മിററി' നോട് പറഞ്ഞു. നാല് അംഗങ്ങളുള്ള ഒരു കുടുംബത്തിന് ഒരു മാസത്തേക്ക് മതിയായ എല്ലാ പലചരക്ക് സാധനങ്ങളുമുള്ള കിറ്റാണ് നല്‍കിയത്.
സൊസൈറ്റി അംഗങ്ങളില്‍ നിന്നും അഭ്യുദയകാംക്ഷികളില്‍ നിന്നും സംഭാവന സ്വരൂപിച്ചായിരുന്നു പ്രവര്‍ത്തനം. 30 ലക്ഷത്തിലധികം രൂപയാണ് ഇതിനായി ചിലവഴിച്ചത്. ലോക്ഡൗണ്‍ സമയത്ത് തങ്ങളുടെ 147 കുതിരകളെ പോറ്റിയതിന് അന്‍ജുമന്‍ ഖൈറുല്‍ ഇസ്‌ലാമിന് നന്ദി അറിയിച്ചുകൊണ്ട് മഹാബലേശ്വര്‍ ജില്ലാ കുതിര, പോണി അസോസിയേഷന്‍ പ്രസിഡന്റ് സയരയ് ജാവേദ് ഖാര്‍ഖണ്ഡെ കത്തയച്ചു. ഈ പ്രവര്‍ത്തനവും എക്കാലവും ഓര്‍മിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
1927-ല്‍ സ്ഥാപിതമായ അന്‍ജുമന്‍ ഖൈറുല്‍ ഇസ്‌ലാം സൊസൈറ്റിക്കു കീഴില്‍ 37 പ്രൈമറി, ഹൈസ്‌കൂളുകള്‍ (ഉറുദു മീഡിയം), 9 കോളേജുകള്‍, 4 അനാഥാലയങ്ങള്‍ എന്നിവ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഉണ്ട്, 22000 ത്തോളം വിദ്യാര്‍ത്ഥികള്‍ വിവിധ സ്ഥാപനങ്ങളിലായി പഠിക്കുന്നുണ്ട്. 700 അനാഥകളെയും സംരക്ഷിക്കുന്നുണ്ട്.