മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണം: ഗവര്‍ണറുമായി നടത്താനിരുന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് കൂടിക്കാഴ്ച മാറ്റി

പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്ക് അതത് നിയോജകമണ്ഡലങ്ങളിലെ വരള്‍ച്ചാ മേഖല സന്ദര്‍ശിക്കാനും തിരഞ്ഞെടുപ്പ് ചെലവ് രേഖകള്‍ സമര്‍പ്പിക്കാനും ഉണ്ടായിരുന്നതിനാലാണ് യോഗം മാറ്റിവച്ചതെന്ന് എംഎല്‍എമാരുമായി ബന്ധപ്പെട്ട വൃത്തങ്ങല്‍ അറിയിച്ചു.

Update: 2019-11-16 15:04 GMT

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ ഇന്ന് വൈകീട്ട് ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയുമായി നടത്താനിരുന്ന ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച മാറ്റിവെച്ചു.പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ക്ക് അതത് നിയോജകമണ്ഡലങ്ങളിലെ വരള്‍ച്ചാ മേഖല സന്ദര്‍ശിക്കാനും തിരഞ്ഞെടുപ്പ് ചെലവ് രേഖകള്‍ സമര്‍പ്പിക്കാനും ഉണ്ടായിരുന്നതിനാലാണ് യോഗം മാറ്റിവച്ചതെന്ന് എംഎല്‍എമാരുമായി ബന്ധപ്പെട്ട വൃത്തങ്ങല്‍ അറിയിച്ചു.

മൂന്ന് പാര്‍ട്ടികളുടെയും പ്രതിനിധികളാണ് ഇന്ന് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍, കൂടിക്കാഴ്ച അവസാന നിമിഷം റദ്ദാക്കുകയായിരുന്നു.അതേസമയം, ഗവര്‍ണറെ കാണാനുള്ള അനുമതി ലഭിക്കാതിരുന്നതുകൊണ്ടാണ് കൂടിക്കാഴ്ച മാറ്റിവെച്ചതെന്നും റിപോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ രൂപീകരിക്കാനല്ല, സംസ്ഥാനത്തെ കര്‍ഷക പ്രതിസന്ധിയെ സംബന്ധിച്ച് ചര്‍ച്ച ചെയ്യാനാണ് ഗവര്‍ണറെ കാണുന്നതെന്ന് നേതാക്കള്‍ നേരത്തെ അറിയിച്ചിരുന്നു. പൊതു മിനിമം പരിപാടികളുടെ കരട് തയ്യാറായ സാഹചര്യത്തിലാണ് നേതാക്കള്‍ ഒരുമിച്ച് ഗവര്‍ണറെ കാണാന്‍ തീരുമാനിച്ചത്.

എന്നാല്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താനാണ് ഗവര്‍ണറെ കാണുന്നതെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. സുസ്ഥിരമായ ഒരു സര്‍ക്കാര്‍ തന്നെ മഹാരാഷ്ട്ര ഭരിക്കുമെന്നും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ആശയക്കുഴപ്പമൊന്നുമില്ലെന്നും ശരദ് പവാര്‍ നേരത്തെ അറിയിച്ചിരുന്നു.

മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിന് ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും തമ്മില്‍ ധാരണയായിരുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുമായും (എന്‍സിപി) കോണ്‍ഗ്രസുമായും ചേര്‍ന്ന് ശിവസേന രൂപീകരിക്കുന്ന സഖ്യ സര്‍ക്കാരില്‍ ശിവസേനയ്ക്ക് തന്നെ ആയിരിക്കും മുഖ്യമന്ത്രി സ്ഥാനം ലഭിക്കുക എന്നും സൂചനകള്‍ ഉണ്ടായിരുന്നു. കോണ്‍ഗ്രസിനും എന്‍സിപിക്കും ഒരു ഉപമുഖ്യമന്ത്രി വീതവും. മൂന്ന് പാര്‍ട്ടികളുടെയും പൊതുമിനിമം പരിപാടിയുടെ കരടും തയ്യാറായിരുന്നു. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടക്കാനിരുന്ന കൂടിക്കാഴ്ച പിന്‍വലിച്ചതിന്റെ കാരണങ്ങള്‍ വ്യക്തമല്ല.

Tags:    

Similar News