'പുതിയ 50-50 ബിസ്‌കറ്റ് ഉണ്ടോ ?' ബിജെപി- ശിവസേന തര്‍ക്കത്തെ പരിഹസിച്ച് ഉവൈസി

മുഖ്യമന്ത്രിപദം പങ്കുവയ്ക്കാനുള്ള 50- 50 ഫോര്‍മുലയെ പരിഹസിച്ചാണ് വിപണിയില്‍ പുതിയ 50-50 ബിസ്‌കറ്റ് ഇറങ്ങിയിട്ടുണ്ടോ എന്ന ചോദ്യം ഉവൈസി ഉന്നയിച്ചത്.

Update: 2019-11-03 11:08 GMT

ഹൈദരാബാദ്: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട അധികാരത്തര്‍ക്കത്തില്‍ ബിജെപിയെയും ശിവസേനയെയും പരിഹസിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്ത്. മുഖ്യമന്ത്രിപദം പങ്കുവയ്ക്കാനുള്ള 50- 50 ഫോര്‍മുലയെ പരിഹസിച്ചാണ് വിപണിയില്‍ പുതിയ 50-50 ബിസ്‌കറ്റ് ഇറങ്ങിയിട്ടുണ്ടോ എന്ന ചോദ്യം ഉവൈസി ഉന്നയിച്ചത്. 'എന്താണ് 50-50 ? വിപണിയില്‍ പുതിയ ബിസ്‌കറ്റ് ഉണ്ടോ ? നിങ്ങള്‍ എത്ര 50-50 ചെയ്യും. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കായി നിങ്ങളെന്തെങ്കിലും ചെയ്യുമോ ? സത്താരയില്‍ മഴയിലുണ്ടായ നാശനഷ്ടത്തെക്കുറിച്ച് അവര്‍ക്ക് യാതൊരു ആശങ്കയുമില്ല. കര്‍ഷകര്‍ ആശങ്കാകുലരാണ്. പക്ഷേ, അവര്‍ സംസാരിക്കുന്നത് 50-50 നെക്കുറിച്ച് മാത്രമാണ്. എന്തുതരത്തിലുള്ള വികസനമാണിത്' ഒവൈസി ചോദിച്ചു.

തന്റെ പാര്‍ട്ടി ബിജെപിയെയോ ശിവസേനയെയോ പിന്തുണയ്ക്കാന്‍ തയ്യാറാവില്ലെന്നും ഹൈദരാബാദില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ ഉവൈസി വ്യക്തമാക്കി. ദേവേന്ദ്ര ഫഡ്‌നാവിസോ മറ്റാരെങ്കിലുമോ മുഖ്യമന്ത്രിയാവുമോ എന്ന് തനിക്കറിയില്ല. കസേരകളി മുന്നോട്ടുപോവുകയാണ്. എന്തുചെയ്യണമെന്ന് ശിവസേനയ്ക്ക് അറിയില്ലെന്നാണ് തോന്നുന്നത്. ഉദ്ധവ് താക്കറെ മോദിയെ പേടിക്കുന്നതുപോലുണ്ടെന്നും ഉവൈസി കൂട്ടിച്ചേര്‍ത്തു. നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനെച്ചൊല്ലി തര്‍ക്കം തുടരുകയാണ്.

മുഖ്യമന്ത്രി പദം 50-50 വ്യവസ്ഥയില്‍ രണ്ടരവര്‍ഷം വീതം പങ്കുവയ്ക്കണമെന്ന സഖ്യകക്ഷിയായ ശിവസേനയുടെ ആവശ്യം അംഗീകരിക്കാന്‍ ബിജെപി തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് രൂക്ഷമാക്കിയത്. ശിവസേനയുമായി ഇത്തരത്തില്‍ ഒരു ധാരണയും തങ്ങള്‍ക്കില്ലെന്നാണ് ബിജെപിയുടെ നിലപാട്. 288 അംഗ മഹാരാഷ്ട്ര നിയമസഭയില്‍ 105 സീറ്റാണ് ബിജെപിയ്ക്കുള്ളത്. സഖ്യക്ഷിയായ ശിവസേന 56 സീറ്റും എന്‍സിപിയ്ക്ക് 54 ഉം കോണ്‍ഗ്രസിന് 44 ഉം സീറ്റുകളുണ്ട്. ഉവൈസിയുടെ പാര്‍ട്ടിയായ എഐഎംഐഎമിന് രണ്ടുസീറ്റുകളാണ് നിയമസഭയിലുള്ളത്. 

Tags:    

Similar News